സ്വാതന്ത്ര്യദിനാവധി: ബുക്കിംഗ് ആരംഭിച്ചു

11:23 PM Jul 17, 2018 | Deepika.com
ബംഗളൂരു: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കേരള, കർണാടക ആർടിസികളിൽ ബുക്കിംഗ് ഇന്ന് ആരംഭിക്കും. ഓഗസ്റ്റ് 14ന് കേരളത്തിലേക്കു പുറപ്പെടുന്ന ബസുകളുടെ റിസർവേഷൻ ആണ് ഇന്ന് നടക്കുന്നത്. പതിവ് ബസുകളിലെ ടിക്കറ്റുകൾ തീരുന്ന മുറയ്ക്ക് സ്പെഷൽ സർവീസുകൾ പ്രഖ്യാപിക്കുമെന്ന് കേരള, കർണാടക ആർടിസി അധികൃതർ അറിയിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യ ദിനാവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള ട്രെയിനുകളിലെ ടിക്കറ്റുകൾ വളരെ നേരത്തെ തന്നെ അവസാനിച്ചിരുന്നു. ഇതിനു പിന്നാലെ സ്വകാര്യ ബസുകൾ റിസർവേഷൻ നേരത്തെ തന്നെ ആരംഭിക്കുകയും ചെയ്തു. സ്വകാര്യബസുകൾ വളരെ ഉയർന്ന നിരക്ക് ഈടാക്കുന്നുവെന്ന് പരാതിയുയരുന്ന സാഹചര്യത്തിൽ ഇരുആർടിസികളുടെയും സ്പെഷൽ ബസുകളാണ് മലയാളികൾക്ക് ആശ്വാസം. അവധിക്ക് ഇനി ഒരു മാസം ശേഷിക്കേ, സ്പെഷൽ ബസുകളുടെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷ.