മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തുന്ന ചിത്രം ട്വല്‍ത്ത് മാന്റെ ട്രെയ്ലർ റിലീസ് ചെയ്തു. വളരെയേറെ നിഗൂഢത ഒളിപ്പിച്ച് കൊണ്ടാണ് ചിത്രത്തിന്റെ ട്രെയ്ലർ എത്തിയിരിക്കുന്നത്. ചിത്രം ഡയറക്ട് ഒടിടി റിലീസായി ആണ് എത്തുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ മേയ് 20 നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും ഏറുകയാണ്. എന്തു ദുരൂഹതയാകും മോഹൻലാല്‍ ചിത്രത്തില്‍ മറനീക്കി പുറത്തുവരികയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ശ്വാസമടക്കി കാണേണ്ട ത്രില്ലര്‍ ചിത്രമായിട്ടു തന്നെയാണ് ട്വല്‍ത്ത് മാനെയും പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
അനുശ്രീ, അദിതി രവി, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ശിവദ നായര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ട്വല്‍ത്ത് മാനില്‍ അഭിനയിക്കുന്നുണ്ട്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാജീവ് കോവിലകമാണ് ചിത്രത്തിന്റെ കലാസംവിധായകൻ. ലിന്റ ജീത്തുവാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈൻ.
'ദൃശ്യം രണ്ടി'ന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് ട്വല്‍ത്ത് മാൻ. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന ചിത്രമാണ് മോഹൻലാലിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ബി ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തത്.