തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സൗദി വെള്ളക്കയുടെ ടീസർ പുറത്തിറങ്ങി. തരുൺ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മേയ് 20ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഉർവശി തിയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് ചിത്രം നിർമിക്കുന്നത്.
'ഓപ്പറേഷൻ ജാവ' എന്ന ജനപ്രിയ ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ലുക്ക്മാന്‍ അവറാന്, സിദ്ധാര്‍ഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കര, ഗോകുലന്, റിയ സെയ്റ, ധന്യ, അനന്യ എന്നിവർക്കൊപ്പം മലയാള സിനിമയിലെ ഒട്ടനവധി പ്രഗൽഭ കലാകാരികളും കലാകാരന്മാരും അഭിനയിക്കുന്നു.
കൗതുകകരമായ കാസ്റ്റിംഗ് വിശേഷങ്ങൾ കൊണ്ടും വ്യത്യസ്തമായ തിരക്കഥാരചനയുടെയും ചിത്രീകരണ ശൈലിയുടെയും പേരിൽ ഇതിനോടകം ശ്രദ്ധ നേടിയ ചിത്രമാണ് സൗദി വെള്ളക്ക. ഏകദേശം ഇരുപതോളം വക്കീലന്മാർ, റിട്ടയേർഡ് മജിസ്ട്രേറ്റുമാർ, നിരവധി കോടതി ജീവനക്കാർ എന്നിവരുടെ സഹായത്തോടെയാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പോലീസ് സ്റ്റേഷൻ രംഗങ്ങളുടെ പൂർണ്ണതക്കു വേണ്ടി പോലീസ് ഓഫിസർമാരുടെ സഹായവും സൗദി വെള്ളക്ക ടീം തേടി.
ഹരീന്ദ്രൻ ആണ് ചിത്രത്തിന്റെ സഹ നിർമാതാവ്. നിഷാദ് യൂസഫ് ചിത്രസംയോജനം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് പാലി ഫ്രാന്‍സിസ് ആണ്. ശരൺ വേലായുധൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ.