സുരഭി ലക്ഷ്മി ടൈറ്റിൽ റോളിൽ എത്തുന്ന പുതിയ ചിത്രമായ പദ്മയുടെ ടീസർ പുറത്തിറങ്ങി. ഒരു വലിയ നഗരത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥ പറയുന്ന " പദ്മ " യിലെ നായകനെ അനൂപ് മേനോന് അവതരിപ്പിക്കുന്നു. കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്നതും അനൂപ് മേനോന് തന്നെയാണ്.
അനൂപ് മേനോന് സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് മേനോന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍ രാമകൃഷ്ണന്, മെറീന മൈക്കിള്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. മഹാദേവന്‍തമ്പി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈനര്‍ ബാദുഷ.
നാഷണൽ അവാർഡ് കിട്ടി നാല് വർഷത്തോളമുള്ള ആ കാത്തിരിപ്പിന് ഒടുവിലാണ് കൊമേഴ്സ്യൽ ചിത്രത്തിന്റെ ടൈറ്റിൽ റോളിൽ എത്തിയതെന്ന് നടി സുരഭി സോഷ്യൽ മീഡിയയിൽ ചിത്രത്തിന്റെ ടീസർ പങ്കുവച്ചുകൊണ്ട് കുറിച്ചു. "നാഷണൽ അവാർഡ് കിട്ടിയപ്പോൾ എല്ലാവരും പറഞ്ഞു ഇനി സുരഭിക്ക് നല്ല നല്ല സിനിമകൾ വരും, നല്ല കഥാപാത്രങ്ങൾ തേടി എത്തും എന്നൊക്കെ.
നാല് വർഷത്തോളമുള്ള ആ കാത്തിരിപ്പിന് ഒടുവിൽ, ഞാനൊരു കൊമേഴ്സ്യൽ ചിത്രത്തിന്റെ ടൈറ്റിൽ റോളിൽ എത്തുകയാണ് പദ്മ എന്ന അനൂപ് മേനോൻ ചിത്രത്തിലൂടെ. അനൂപ് മേനോന്റെ ഈ സിനിമ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്, നിങ്ങൾക്കും പ്രിയപ്പെട്ടതാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സുരഭി സോഷ്യൽ മീഡിയയിൽ കുറിച്ചു.