പൊള്ളയായ വാഗ്ദാനങ്ങളില്‍ അഭിരമിക്കുന്ന സമകാലിക ഇന്ത്യയുടെ കപട രാഷ്ട്രീയത്തിനെയും അതിനെതിരെയുള്ള പ്രതിഷേധങ്ങളെയും വിമര്‍ശിച്ച് സച്ചിദാനന്ദന് എഴുപതുകളില്‍ എഴുതിയ കോഴിപ്പങ്ക് ഗാനത്തിന്റെ കവര്‍ വേര്‍ഷനു ചുവടുപിടിച്ച് മോഷന്‍ ഗ്രാഫിക്സ് കവര്‍ വീഡിയോ ഒരുക്കിയിരിക്കുകയാണ് യുവ കലാകാരനായ അഖില്‍രാഗ്.
അധികാരികള്‍ നല്കുന്ന വാഗ്ദാനങ്ങളെ കോഴിയോട് ഉപമിച്ചാണ് കവിത ഒരുക്കിയിരിക്കുന്നത്. എന്റെ കോഴിയെ നിങ്ങള്‍ പകുത്തോളിന്. പക്ഷേ, അതിന്റെ കൊക്ക്, പൂവ്, കണ്ണ്, കാൽ, വിരൽ, നഖം, തുടയുടല്, കുരല്, കരള്‍, കുടല്, പപ്പ്, പൂട, വാല്, പുത്തരിയങ്കം എന്നിവ എനിക്ക് തരൂ എന്നാണ് കവിതയിലുള്ളത്.
ഇതെല്ലാം ചേരുന്നതാണ് ഒരു കോഴി. ഇതെല്ലാം എനിക്ക് തന്നിട്ട് കോഴിയെ നിങ്ങള്‍ എടുത്തോളൂ എന്ന് പറയുന്നതില്‍ എന്തര്ത്ഥമാണുള്ളതെന്നുള്ള ചോദ്യമാണ് വീഡിയോ മുന്നോട്ടുവെക്കുന്നത്. വര്‍ത്തമാനകാലത്തിന്റെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ ചലനങ്ങളെ ഓര്‍മപ്പെടുത്തുകയും ചോദ്യം ചെയ്യുകയുമാണ് ഈ വീഡിയോയിലൂടെ.
കോഴിപ്പങ്ക് എന്ന കവിതയുടെ കാലിക പ്രാധാന്യമാണ് ഇങ്ങനെ ഒരു കവര്‍ ഒരുക്കാന്‍ കാരണമെന്നു അഖില്‍രാഗ് പറയുന്നു. പൊള്ളയായ വാഗ്ദാനങ്ങള്‍ തന്നു ഒരു ദേശത്തെ ജനതയെ മായിക ലോകത്തു മാത്രം നിര്‍ത്തുന്ന ഭരണസംവിധാനങ്ങളാണ് ഇന്നിവിടെയുള്ളത്.
ഇത്തരം സമകാലിക സംഭവങ്ങളെ ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഗാനത്തിലൂടെ ഓര്‍മപ്പെടുത്തുകയാണ് കോഴിപ്പങ്കിലൂടെ. അതിനായി മോഷന്‍ ഗ്രാഫിക്സ് സാധ്യതയെ വീഡിയോയിലേക്കു കൊണ്ടുവരികയായിരുന്നു എന്നും വിഡിയോയുടെ ആശയം, എഡിറ്റിംഗ്, മോഷന്‍ ഗ്രാഫിക്സ്, ശബ്ദസന്നിവേശം എന്നിവ നിര്‍വഹിച്ചിരിക്കുന്ന അഖില്‍രാഗ് പറയുന്നു.
സുഭാഷ് കുമാരസ്വാമിയാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. വിഡിയോയില്‍ വിപിന്‍ദാസാണ് അഭിനയിച്ചിരിക്കുന്നത്. ഇവര്‍ക്കൊപ്പം പോള്‍ വര്‍ഗീസ്, ഗീതു വേണുഗോപാല്‍, ആസിഫ് മുഹമ്മദ്, ആദിത്യ എന്നിവരുടെ ക്രൂവാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.