സുരേഷ് ഗോപിയുടെ അറുപത്തിയൊന്നാം പിറന്നാൾ ദിനത്തിൽ ആരാധകർക്ക് ആഘോഷമായി കാവൽ ടീസർ പുറത്തിറങ്ങി. രാവിലെ ഒമ്പതിന് ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്തുവിട്ടത്. താരത്തിന്റെ മാസ് ഡയലോഗുമായെത്തിയ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സുരേഷ് ഗോപിക്ക് ആശംസകൾ നേർന്ന് മെഗാസ്റ്റാർ മമ്മൂട്ടി ടീസർ ഫേസ്ബുക്കിൽ റിലീസ് ചെയ്തു.
കസബയ്ക്കു ശേഷം നിഥിൻ രൺജിപണിക്കർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമായ കാവലിൽ സുരേഷ് ഗോപി രണ്ട് ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുന്നത്. രൺജി പണിക്കരാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. സായ ഡേവിഡാണ് നായിക.
ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് ചിത്രം നിർമിക്കുന്നു.