കുടുംബബന്ധങ്ങളുടെ പ്രാധാന്യം മനസിലാക്കി നല്കാൻ ആയിരം പ്രസംഗങ്ങളെക്കാൽ ഫലപ്രദം ഒരു നല്ല സിനിമയാണെന്ന് തെളിയിക്കുകയാണ് മൂന്ന് യുവവൈദികർ. എറണാകുളം–അങ്കമാലി അതിരൂപതയിലെ മൂന്ന് വൈദികർ അണിയിച്ചൊരുക്കിയ പച്ചപട്ടുസാരി എന്ന ഹ്രസ്വചിത്രം ഇന്ന് സോഷ്യൽ മീഡിയ കീഴടക്കിക്കഴിഞ്ഞു. ഫാ. ജേക്കബ് കോറോത്ത്, ഫാ. നിബിൻ കുരിശിങ്കൽ, ഫാ. ജയിംസ് തോട്ടിയിൽ എന്നിവരാണ് ഈ ന്യൂജെൻ അച്ചൻമാർ.
ചിത്രത്തിന്റെ സംവിധാനവും ചിത്രസംയോജനവും ഫാ. ജേക്കബ് കോറോത്ത് നിർവഹിക്കുമ്പോൾ കഥയും തിരക്കഥയുമൊരുക്കിയിരിക്കുന്നത് ഫാ. നിബിൻ കുരിശിങ്കലാണ്. ഫാ. ജയിംസ് തോട്ടിയിലാണ് ക്രിയേറ്റീവ് ഡയറക്ടർ.
രണ്ടുവർഷം മുമ്പ് ഫാ. നിബിൻ കുരിശിങ്കൽ എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണ് സിനിമയിലേക്ക് വഴിതെളിച്ചത്. മൂവരുടെയും സുഹൃത്തായ ജോസഫ് അന്നംകുട്ടി ജോസിന്റെ പിന്തുണ കൂടി ലഭിച്ചതോടെ സിനിമ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങി. ജനുവരി 31 ന് യൂട്യൂബിൽ റിലീസ് ചെയ്ത പച്ചപട്ടുസാരി വൈകാതെ തന്നെ തരംഗമായി മാറി.
ഹ്രസ്വചിത്രം ക്ലിക്കായതോടെ തീയറ്ററിൽ റിലീസ് ചെയ്യാനുള്ള സിനിമയെടുക്കാനുള്ള ലക്ഷ്യത്തിലാണ് യുവവൈദികർ. ഇതിനായി സഭയുടെ അനുവാദം തേടിയിട്ടുണ്ടെന്നും ഇവർ പറയുന്നു.