ബംഗളൂരു: ബെല്ലന്ദൂർ തടാകം സംബന്ധിച്ച റിപ്പോർട്ട് ആവശ്യപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ. ഈമാസം 12നു മുമ്പ് സമഗ്ര റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് വിദഗ്ധ സമിതിക്ക് ജസ്റ്റീസ് സ്വതന്തർ കുമാർ അധ്യക്ഷനായ ബെഞ്ച് നിർദേശം നല്കിയത്. തടാകമലിനീകരണം സംബന്ധിച്ച് അന്തിമവാദം ഈമാസം 23ന് നടക്കാനിരിക്കെയാണ് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. തടാകങ്ങളുടെ 75 മീറ്റർ ചുറ്റളവ് പരിസ്ഥിതിലോല മേഖലയായി ഹരിതട്രൈബ്യൂണൽ പ്രഖ്യാപിച്ചിരുന്നു. ഈ പരിധിക്കുള്ളിൽ നിർമാണപ്രവർത്തനങ്ങൾ പാടില്ലെന്ന നിർദേശം പാലിച്ചിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ച റിപ്പോർട്ടാണ് വിദഗ്ധ സമിതി സമർപ്പിക്കേണ്ടത്.