+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ർ​ക്കിം​ഗും സ്മാ​ർ​ട്ട്

ബംഗളൂരു: നഗരത്തിലെ പാർക്കിംഗും സ്മാർട്ടാകുന്നു. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നഗരത്തിലെ വാഹന പാർക്കിംഗ് കൂടുതൽ സൗകര്യപ്രദമാക്കാനുള്ള പദ്ധതി ബിബിഎംപി തയാറായിക്കഴിഞ്ഞു. മൊബൈൽ ആപ്പ് വഴി പാർക്കിംഗ് സ്
പാ​ർ​ക്കിം​ഗും സ്മാ​ർ​ട്ട്
ബംഗളൂരു: നഗരത്തിലെ പാർക്കിംഗും സ്മാർട്ടാകുന്നു. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നഗരത്തിലെ വാഹന പാർക്കിംഗ് കൂടുതൽ സൗകര്യപ്രദമാക്കാനുള്ള പദ്ധതി ബിബിഎംപി തയാറായിക്കഴിഞ്ഞു. മൊബൈൽ ആപ്പ് വഴി പാർക്കിംഗ് സ്ഥലം മുൻകൂട്ടി ബുക്ക് ചെയ്യാനാകുമെന്നതാണ് പ്രത്യേകത. പാർക്കിംഗ് സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ആപ്പിലൂടെ ലഭ്യമാകും. എല്ലാ പാർക്കിംഗ് കേന്ദ്രങ്ങളിലും ഓട്ടോമാറ്റിക് ടിക്കറ്റ് മെഷീൻ സ്ഥാപിച്ചിട്ടുണ്ടാകും. വാഹനത്തിന്‍റെ നന്പർ നല്കിയാൽ മെഷീനിൽ നിന്നു ടിക്കറ്റ് ലഭിക്കും. വാഹനം തിരിച്ചെടുക്കുന്പോൾ ഈ ടിക്കറ്റ് മെഷീനിൽ നിക്ഷേപിക്കുകയും വേണം. കാർഡ് വഴിയും പണമായും ടിക്കറ്റ് തുക നല്കാം. ആപ്പ് വഴി ബുക്ക് ചെയ്യാത്തവർക്കും നേരിട്ട് ടിക്കറ്റ് മെഷീനിലൂടെ പാർക്കിംഗ് ടിക്കറ്റെടുക്കാനാകും. പാർക്കിംഗ് കേന്ദ്രങ്ങളിൽ വാഹനങ്ങളുടെ വിവരങ്ങൾ അറിയാൻ ഇലക്ട്രോണിക് സെൻസറുകളും സിസിടിവി കാമറകളുമുണ്ടാകും.

വാഹനങ്ങളെ എ,ബി,സി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച ശേഷമാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചത്. എ വിഭാഗത്തിലുള്ള കാറുകൾക്ക് 30 രൂപയും ബൈക്കുകൾക്ക് 15 രൂപയുമാണ് മണിക്കൂറിന് ഈടാക്കുന്നത്. ബി വിഭാഗം കാറുകൾക്ക് 20 രൂപയും ബൈക്കുകൾക്ക് 10 രൂപയും ഈടാക്കും. സി വിഭാഗം കാറുകൾക്ക് 15 രൂപയും ബൈക്കുകൾക്ക് അഞ്ചു രൂപയുമാണ് നിരക്ക്.

സ്മാർട്ട് പാർക്കിംഗ് സംവിധാനത്തിനായി നഗരത്തിൽ 85 കേന്ദ്രങ്ങളിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിലായി 3,000 കാറുകൾക്കും 6,000 ബൈക്കുകൾക്കും പാർക്കിംഗ് സൗകര്യമുണ്ടാകും. വരുംദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ സ്മാർട്ട് പാർക്കിംഗ് ഒരുക്കുമെന്നും ബിബിഎംപി അധികൃതർ അറിയിച്ചു.