ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സജീവരാഷ്ട്രീയത്തിലേക്കു കടക്കുന്നു. ഇതിനു മുന്നോടിയായി സിദ്ധരാമയ്യയ്ക്കു വേണ്ടി ചാമുണ്ഡേശ്വരി മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സിദ്ധരാമയ്യ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്. ചാമുണ്ഡേശ്വരി മണ്ഡലത്തിലെ വോട്ടർമാരെ കാണുന്ന യതീന്ദ്ര പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിദ്ധരാമയ്യ മത്സരിച്ച വരുണ മണ്ഡലത്തിൽ ഇത്തവണ യതീന്ദ്ര ജനവിധി തേടുമെന്നാണ് റിപ്പോർട്ടുകൾ. ഏറെക്കാലമായി വരുണ മണ്ഡലത്തിന്റെ വികസനത്തിനായി സിദ്ധരാമയ്യയെ സഹായിച്ചുവരികയായിരുന്നു യതീന്ദ്ര. മണ്ഡലത്തിലെ പാർട്ടിയോഗങ്ങളിലും പങ്കെടുത്ത അദ്ദേഹം സ്ഥാനാർഥിയാകാനുള്ള സന്നദ്ധത അറിയിച്ചതായി പാർട്ടിവൃത്തങ്ങൾ സൂചിപ്പിച്ചു.