+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നമ്മ മെട്രോയിൽ ഹിന്ദി വിവാദം

ബംഗളൂരു: നമ്മ മെട്രോയുടെ ഒന്നാം ഘട്ടം പൂർത്തിയായതിനു പിന്നാലെ ഭാഷാ വിവാദം തലപൊക്കുന്നു. മെട്രോ സ്റ്റേഷനുകളിലെ സൂചനാ ബോർഡുകളിൽ ഹിന്ദി ഭാഷയും ഉൾപ്പെടുത്തിയതിനെതിരേ പ്രതിഷേധമുയരുകയാണ്. നമ്മ മെട്ര
നമ്മ മെട്രോയിൽ ഹിന്ദി വിവാദം
ബംഗളൂരു: നമ്മ മെട്രോയുടെ ഒന്നാം ഘട്ടം പൂർത്തിയായതിനു പിന്നാലെ ഭാഷാ വിവാദം തലപൊക്കുന്നു. മെട്രോ സ്റ്റേഷനുകളിലെ സൂചനാ ബോർഡുകളിൽ ഹിന്ദി ഭാഷയും ഉൾപ്പെടുത്തിയതിനെതിരേ പ്രതിഷേധമുയരുകയാണ്.

നമ്മ മെട്രോ ഹിന്ദി ബേഡ (നമ്മുടെ മെട്രോയിൽ ഹിന്ദി വേണ്ട) എന്ന പേരിൽ ഓണ്‍ലൈൻ കാന്പയിൻ ആരംഭിച്ചിട്ടുണ്ട്. ആയിരക്കണക്കിനാളുകളാണ് ഓണ്‍ലൈൻ വഴി പ്രതിഷേധം രേഖപ്പെടുത്തിയത്. കന്നഡ രക്ഷണെ വേദികെ ഇന്നലെ മെട്രോ അധികൃതരുമായി നടത്തിയ ചർച്ചയിൽ ഇക്കാര്യം ഉന്നയിച്ചതായി വേദികെ പ്രസിഡൻറ് നാരായണ ഗൗഡെ അറിയിച്ചു. വെള്ളിയാഴ്ച ബിഎംസിആർഎൽ ഓഫീസിലേക്ക് കന്നഡ അനുകൂല സംഘടനകൾ പ്രതിഷേധ റാലി നടത്തിയിരുന്നു.

വിഷയം ചൂണ്ടിക്കാട്ടി കന്നഡ വികസന അതോറിറ്റി ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിന് (ബിഎംസിആർഎൽ) നോട്ടീസ് നല്കിയിട്ടുണ്ട്. ചട്ടലംഘനം ആരോപിച്ചാണ് ബിഎംസിആർഎലിനോട് വിശദീകരണം തേടിയത്. വാണിജ്യ സ്ഥാപനങ്ങളുടെ നെയിം ബോർഡുകൾ സംബന്ധിച്ച രണ്ട് സർക്കാർ വിജ്ഞാപനങ്ങളും ഉത്തരവും ചൂണ്ടിക്കാട്ടിയാണ് കന്നഡ വികസന അതോറിറ്റി ചട്ടലംഘനത്തിന് നോട്ടീസ് നല്കിയത്. ഏഴു ദിവസത്തിനുള്ളിൽ ബിഎംസിആർഎൽ മറുപടി നല്കണമെന്നും നോട്ടീസിൽ പറയുന്നു.

അതേസമയം, കേന്ദ്ര നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഭാഷകൾ തീരുമാനിക്കുന്നതെന്ന് മെട്രോ അധികൃതർ അറിയിച്ചു. കേന്ദ്ര നഗരവികസന മന്ത്രാലയത്തിൻറെ സർക്കുലർ നിർദേശിച്ച ത്രിഭാഷാ സമവാക്യമാണ് ബിഎംസിആർഎൽ പിന്തുടരുന്നത്. സ്റ്റേഷനു പുറത്ത് ഹിന്ദി, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലും അകത്ത് കന്നഡ, ഇംഗ്ലീഷ് ഭാഷകളുമാണ് ഉപയോഗിക്കുന്നത്. സ്റ്റേഷനുകൾ സന്ദർശിച്ച കേന്ദ്രസർക്കാരിൻറെ പാർലമെൻററി സമിതി ഇത് പരിശോധിച്ചതായും കേന്ദ്രത്തിന്‍റെ ഫണ്ട് കൂടി ഉപയോഗിച്ചാണ് മെട്രോ പദ്ധതി നടപ്പാക്കിയതെന്നും ചീഫ് പിആർഒ യു.എ. വസന്ത് റാവു പറഞ്ഞു. വിഷയം ബിഎംസിആർഎൽ സംസ്ഥാന സർക്കാർ മുഖേന കേന്ദ്രവുമായി ചർച്ച ചെയ്യും. തമിഴ്നാടിൻറെ ചെന്നൈ മെട്രോയിൽ തമിഴ്, ഇംഗ്ലീഷ് ഭാഷകൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്നും അത് ചട്ടലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.