+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കർണാടകയിലെ നഴ്സിംഗ് വിദ്യാർഥികൾ പ്രതിസന്ധിയിൽ; മലയാളി വിദ്യാർഥികൾക്കും തിരിച്ചടിയാകും

ബംഗളൂരു: സംസ്ഥാനത്തെ നഴ്സിംഗ് കോളജുകൾക്ക് കർണാടക നഴ്സിംഗ് കൗണ്‍സിലിന്‍റെയും രാജീവ് ഗാന്ധി മെഡിക്കൽ യൂണിവേഴ്സിറ്റിയുടെയും അംഗീകാരം മാത്രം മതിയെന്ന സർക്കാരിൻറെ ഉത്തരവ് സംസ്ഥാനത്തെ ലക്ഷക്കണക്കിന് നഴ്സിം
കർണാടകയിലെ നഴ്സിംഗ് വിദ്യാർഥികൾ പ്രതിസന്ധിയിൽ; മലയാളി വിദ്യാർഥികൾക്കും തിരിച്ചടിയാകും
ബംഗളൂരു: സംസ്ഥാനത്തെ നഴ്സിംഗ് കോളജുകൾക്ക് കർണാടക നഴ്സിംഗ് കൗണ്‍സിലിന്‍റെയും രാജീവ് ഗാന്ധി മെഡിക്കൽ യൂണിവേഴ്സിറ്റിയുടെയും അംഗീകാരം മാത്രം മതിയെന്ന സർക്കാരിൻറെ ഉത്തരവ് സംസ്ഥാനത്തെ ലക്ഷക്കണക്കിന് നഴ്സിംഗ് വിദ്യാർഥികൾക്ക് തിരിച്ചടിയാകും. ഉത്തരവിൻറെ അടിസ്ഥാനത്തിൽ ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിൽ കർണാടകയിലെ കോളജുകളെ ഒഴിവാക്കിയതോടെ സംസ്ഥാനത്ത് നഴ്സിംഗ് പഠിക്കുന്ന മലയാളികളടക്കമുള്ള ഇതര സംസ്ഥാന വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിലായിരിക്കുകയാണ്.

കഴിഞ്ഞ വർഷം 257 കോളജുകൾക്ക് ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിലിൻറെ അംഗീകാരമുണ്ടായിരുന്നു. എന്നാൽ ഇത്തവണ കൗണ്‍സിൽ അംഗീകാരമുള്ള കോളജുകളുടെ പട്ടികയിൽ നിന്ന് കർണാടകയിലെ നഴ്സിംഗ് കോളജുകൾ പുറത്തായി. കർണാടകയിലെ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും ജോലി ചെയ്യുന്നതിന് കർണാടക നഴ്സിംഗ് കൗണ്‍സിലിൻറെ സർട്ടിഫിക്കറ്റ് മതിയാകും. എന്നാൽ മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും ജോലി ചെയ്യുന്നതിന് ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിലിൻറെ അംഗീകാരം അത്യാവശ്യമാണ്. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. കർണാടകയിലെ വിവിധ നഴ്സിംഗ് കോളജുകളിലായി പഠനം നടത്തുന്നവരിൽ 70 ശതമാനം വിദ്യാർഥികളും ഇതരസംസ്ഥാനക്കാരാണ്. ഇവരിൽ കൂടുതൽ പേരും മലയാളികളാണ്.

ബിഎസ്സി നഴ്സിംഗിന് നേരത്തെ ചേർന്ന വിദ്യാർഥികളെയും പുതിയ ഉത്തരവ് പ്രതിസന്ധിയിലാക്കും. ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിലിൻറെ അംഗീകാരം ലഭിക്കുമെന്ന ഉറപ്പിലാണ് ഏജൻറുമാർ വിദ്യാർഥികളിൽ നിന്ന് സർട്ടിഫിക്കറ്റുകൾ വാങ്ങിയിരിക്കുന്നത്. ഇവ തിരിച്ചു ചോദിച്ചാൽ കോളജ് അധികൃതർ നല്കാൻ തയാറാകുന്നില്ലെന്ന് പരാതിയുണ്ട്. തുടർപഠനത്തിനായി ബാങ്ക് വായ്പയെടുക്കാമെന്ന് കണക്കുകൂട്ടിയിരിക്കുന്നവർക്കും ഉത്തരവ് തിരിച്ചടിയാകും.

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ നഴ്സുമാരുടെ ദൗർലഭ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ കർണാടക നഴ്സിംഗ് കൗണ്‍സിൽ രൂപീകരിച്ചത്. ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിലിൻറെ അംഗീകാരം ലഭിക്കാൻ കടന്പകൾ ഏറെ കടക്കേണ്ട സാഹചര്യത്തിൽ എല്ലാ കോളജുകൾക്കും കർണാടക നഴ്സിംഗ് കൗണ്‍സിലിൻറെ അംഗീകാരം വളരെയെളുപ്പം കിട്ടും.

ജാഗ്രത വേണം

കർണാടകയിലെ വിവിധ നഴ്സിംഗ് കോളജുകളിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് കേരള നഴ്സിംഗ് കൗണ്‍സിൽ മുന്നറിയിപ്പ് നല്കിയിരുന്നു. ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിലിൻറെ അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിൽ കേരളത്തിൽ ജോലി ലഭിക്കാത്ത സാഹചര്യമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. കർണാടകയിലെ വിവിധ നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്കു വേണ്ടി കേരളത്തിൽ പ്രവർത്തിക്കുന്ന ഏജൻറുമാർ തെറ്റായ വിവരങ്ങൾ നല്കിയാണ് വിദ്യാർഥികളെ ആകർഷിക്കുന്നതെന്നും പരാതിയുയരുന്നുണ്ട്. ഫീസിളവും മറ്റ് ആകർഷകമായ വാഗ്ദാനങ്ങളും നല്കിയാണ് ഇവർ വിദ്യാർഥികളെയും മാതാപിതാക്കളെയും വലയിലാക്കുന്നത്. അതിനാൽ, ഈ സ്ഥാപനങ്ങൾക്ക് ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിലിൻറെ അംഗീകാരമുണ്ടോ എന്ന് വിദ്യാർഥികൾ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിലിൻറെ ഒൗദ്യോഗിക വെബ്സൈറ്റായ www.indiannu rsing council.org യിലൂടെ സ്ഥാപനങ്ങളുടെ അംഗീകാരം പരിശോധിക്കാൻ കഴിയും.