സമാധാന സ്തൂപത്തില്‍ മദ്യ ലഹരിയില്‍ യുവാവിന്‍റെ പ്രകടനം; സംഭവം കണ്ണൂരില്‍

05:12 PM Jul 25, 2022 | Deepika.com
കണ്ണൂര്‍ കാല്‍ടെക്സ് ജംഗ്ഷനിലെ സമാധാന സ്തൂപത്തില്‍ കയറിയിരുന്നുള്ള യുവാവിന്‍റെ ചെയ്തികള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മദ്യപിച്ചെത്തിയ ആളാണ് സമാധാന സ്തൂപമായി നിര്‍മിച്ചിരിക്കുന്ന പ്രാവിന്‍റെ മുകളില്‍ കയറിയത്.

മുകളില്‍ കയറിയ യുവാവ് മീശ പിരിച്ച് എന്തൊക്കെയൊ വിളിച്ചു പറയുകയും പാടുകയുമൊക്കെ ചെയ്തു. സംഭവം നഗര മധ്യത്തിലായതിനാല്‍ ആളുകള്‍ തടിച്ചുകൂടി.

ആരൊക്കെയൊ മൊബൈലിലും മറ്റും പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലും പെട്ടെന്ന് തന്നെ പ്രചരിച്ചു. ഞായറാഴ്ച വൈകിട്ട് കണ്ണൂര്‍ മുരിങ്ങേരി സ്വദേശിയാണ് ഇത്തരത്തില്‍ തന്‍റെ പ്രകടനം കൊണ്ട് നഗരത്തിലെ കാണികള്‍ക്ക് കൗതുകമായത്.

പ്രാവിനെ പറത്തുന്ന കൈയുടെ രൂപത്തിലുള്ള സ്തൂപത്തില്‍ ചാരിക്കിടന്നും നിന്നും ഇരുന്നും മീശപിരിച്ചും യുവാവ് തന്‍റെ പ്രകടനം തുടര്‍ന്നപ്പോഴേക്കും പോലീസ് എത്തി.

സ്ഥലത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ ആവശ്യപ്പെട്ടിട്ടും നിലത്തിറങ്ങാന്‍ കൂട്ടക്കാഞ്ഞ യുവാവിന്‍റെ കൂടുതല്‍ പോലീസെത്തിയാണ് താഴെ എത്തിച്ചത്. സ്റ്റേഷനില്‍ കൊണ്ടുപോയ ഇയാളെ മദ്യലഹരി വിട്ടപ്പോള്‍ പോലീസ് പറഞ്ഞയച്ചു. പൊതുനിരത്തില്‍ ശല്യം ഉണ്ടാക്കിയതിന് ഒരു പെറ്റി കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.