+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുതുവർഷത്തിൽ കാരുണ്യത്തിന്റെ പുതുമാതൃകയായി കസവനഹള്ളി ഇടവക

ബംഗളൂരു: കസവനഹള്ളി സെന്റ് നോർബർട്ട് ഇടവകയിലെ ഇടവകാംഗങ്ങളുടെയും ചെറുപുഷ്പ മിഷൻലീഗ് അംഗങ്ങളുടെയും മതബോധന വിദ്യാർഥികളുടെയും കാരുണ്യപ്രവൃത്തികൾ നാടിനു മാതൃകയാകുന്നു. ക്രിസ്മസിനോടനുബന്ധിച്ച് ഇടവകയുടെ നേതൃത
പുതുവർഷത്തിൽ കാരുണ്യത്തിന്റെ പുതുമാതൃകയായി കസവനഹള്ളി ഇടവക
ബംഗളൂരു: കസവനഹള്ളി സെന്റ് നോർബർട്ട് ഇടവകയിലെ ഇടവകാംഗങ്ങളുടെയും ചെറുപുഷ്പ മിഷൻലീഗ് അംഗങ്ങളുടെയും മതബോധന വിദ്യാർഥികളുടെയും കാരുണ്യപ്രവൃത്തികൾ നാടിനു മാതൃകയാകുന്നു. ക്രിസ്മസിനോടനുബന്ധിച്ച് ഇടവകയുടെ നേതൃത്വത്തിൽ ആരംഭിച്ച ’ഉണ്ണിക്കൊരു ഉടുപ്പ്’എന്ന കാരുണ്യപ്രവൃത്തി ഏറെ പ്രശംസ നേടി. കസവനഹള്ളി ദേവാലയത്തിനു സമീപത്ത് ഏകദേശം ആയിരത്തോളം പേർ അധിവസിക്കുന്ന മൂന്നു ചേരികളാണുള്ളത്. ഉടുക്കാൻ നല്ലൊരു വസ്ത്രം പോലുമില്ലാത്ത ചേരിനിവാസികൾക്കൊപ്പം ക്രിസ്മസ് ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ’ഉണ്ണിക്ക് ഒരു ഉടുപ്പ്’ ആവിഷ്കരിച്ചത്. ക്രിസ്മസിന് കുട്ടികളും മുതിർന്നവരും പുതിയ വസ്ത്രങ്ങൾ വാങ്ങുമ്പോൾ അതേ അളവിലുള്ള ഒരു ജോഡി വസ്ത്രങ്ങൾ കൂടി വാങ്ങി അത് ചേരിനിവാസികൾക്കു നല്കുക എന്നതായിരുന്നു പദ്ധതി. ഇങ്ങനെ മൂന്നു ചേരികളിലെയും ദരിദ്രർക്ക് വസ്ത്രങ്ങൾ സമ്മാനിച്ചു. കൂടാതെ എണ്ണൂറോളം പേർക്ക് ഉച്ചഭക്ഷണം നല്കി അവരോടൊപ്പം ക്രിസ്മസ് ആഘോഷിക്കുകയും ചെയ്തു. മിഷൻലീഗ്, മാതൃവേദി, പിതൃവേദി, യുവജനസംഘടനകളും ഉദ്യമത്തിൽ പങ്കാളികളായി.

കസവനഹള്ളി ഇടവകയുടെ നേതൃത്വത്തിൽ, തെരുവോരങ്ങളിൽ ആരോരുമില്ലാതെ ഉപേക്ഷിക്കപ്പെട്ട് ഒരുനേരത്തെ വിശപ്പടക്കാൻ കഴിവില്ലാത്ത നിസഹായർക്ക് അന്നം വിളമ്പുന്ന ’കാരുണ്യ ഊട്ട’(കാരുണ്യത്തിന്റെ ഒരു പൊതിച്ചോറ്) ഏറെ ശ്രദ്ധ നേടിയിരുന്നു. എല്ലാ രണ്ടാം ശനിയാഴ്ചകളിലും കുട്ടികളും അധ്യാപകരും സിസ്റ്റേഴ്സും ഒരുമിച്ച് ഭക്ഷണം പാകം ചെയ്ത് തെരുവുകളിൽ വിതരണം ചെയ്യുന്നു.

ഇന്നത്തെ തലമുറയ്ക്ക് ചുറ്റുമുള്ളവരുടെ വേദനകളും നൊമ്പരങ്ങളും ഇല്ലായ്മകളും മനസിലാക്കുക, ജീവിതപ്രതിസന്ധികളെ ധൈര്യസമേതം നേരിടാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ഇത്തരം കാരുണ്യപ്രവർത്തനങ്ങളിലൂടെ ഇടവക ലക്ഷ്യമിടുന്നതെന്ന് പദ്ധതികളുടെ അമരക്കാരൻ കൂടിയായ വികാരി ഫാ. സുബാഷ് ചള്ളംകാട്ടിൽ പറഞ്ഞു. പുതുവർഷത്തിൽ കൂടുതൽ പേരിലേക്ക് കാരുണ്യം എത്തിക്കുന്നതിനായി സെന്റ് നോർബർട്ട് സൺഡേ സ്കൂളിലെ ചെറുപുഷ്പ മിഷൻലീഗ് കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.