മുംബൈ: ചരിത്രത്തിലാദ്യമായി 60,000 കടന്ന് ബിഎസ്ഇ സെൻസെക്സ്. ഐടി-റിയൽ എസ്റ്റേറ്റ് കന്പനികളുടെ ഓഹരികളാണ് ഇന്ത്യൻ ഓഹരിവിപണിയുടെ ജൈത്രയാത്രയെ നയിച്ചത്. 163 പോയിന്റ് നേട്ടത്തോടെ 60,048 ലാണ് സെൻസെക്സ് ക്ലോസ് ചെയ്തത്. നിഫ്റ്റി 30 പോയിന്റ് കയറി 17,853 ലും. വ്യാപാരത്തിനിടെ സെൻസെക്സ് 60,333 വരെയും നിഫ്റ്റി 17,948 വരെയും കയറി.
റിക്കാർഡ് ഉയർച്ച നേടിയതോടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന മൊത്തം കന്പനികളുടെ വിപണി മൂല്യം 261.17 ലക്ഷം കോടി രൂപയായി. ഇന്ത്യൻ കന്പനികളുടെ മികച്ച നില, രാജ്യത്തിന്റെ സാന്പത്തികസ്ഥിതി സംബന്ധിച്ച ശുഭപ്രതീക്ഷ, ആഗോള വിപണിയിലെ ഉണർവ് തുടങ്ങിയ ഘടകങ്ങൾ വിപണിയുടെ മുന്നേറ്റത്തിനു കാരണമായിട്ടുണ്ട്. ചൈനയ്ക്കു പകരമുള്ള ഏഷ്യൻ വിപണി എന്ന നിലയ്ക്ക് രാജ്യത്തെ ഓഹരിവിപണിക്കു സ്വീകാര്യതയേറുന്നതിന്റെ ലക്ഷണങ്ങളും പ്രകടമാണ്.