തൃശൂർ: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് പ്ലാറ്റ്ഫോമായ എസ്ഐബി മിറർ പ്ലസ് പുതിയ പതിപ്പ് അവതരിപ്പിച്ചു. യൂസർ ഇന്റർഫേസോടെ അത്യാധുനിക ഡിജിറ്റൽ അനുഭവം പ്രദാനം ചെയ്യുന്നതാണു പുതിയ വേർഷൻ.
ഓണ്‍ലൈനായി ഇൻസ്റ്റന്റ് അക്കൗണ്ട് തുറക്കാനുള്ള സൗകര്യം, ഓണ്‍ലൈൻ നിക്ഷേപങ്ങൾ, വായ്പകൾ, എളുപ്പത്തിലുള്ള റീചാർജ്, ബിൽ പേയ്മെന്റ്, ഓണ്‍ലൈനായി ഫീസ് അടയ്ക്കൽ, ഇ-കൊമേഴ്സ് സൈറ്റുകളിൽ താരതമ്യം ചെയ്ത് വാങ്ങൽ (സൈബർ മാർട്ട്), വിമാന ടിക്കറ്റ് ബുക്ക് ചെയ്യൽ തുടങ്ങിയ സൗകര്യങ്ങൾ എസ്ഐബി മിറർ പ്ലസിൽ ഇപ്പോൾ ലഭ്യമാണ്.
അക്കൗണ്ട് സുരക്ഷിതമാക്കാനുള്ള സൗകര്യം ലഭ്യമാക്കുന്ന "ഇ-ലോക്ക്' ആണു മിറർ പ്ലസിന്റെ സവിശേഷത. ഇതിനൊപ്പം എല്ലാ ഡിജിറ്റൽ ഇടപാടുകൾക്കും മൊത്തത്തിൽ ഡെബിറ്റ് പരിധി നിശ്ചയിക്കാനുള്ള സൗകര്യവും ലഭ്യമാണ്.
350-ലധികം ബില്ലേഴ്സിന് ബിൽ പേമെന്റ് നടത്താനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ആപ് സ്റ്റോറിലും ഗൂഗിൾ പ്ലേസ്റ്റോറിലും ലഭിക്കുന്ന എസ്ഐബി മിറർ പ്ലസിന് ഇപ്പോൾ ബാങ്കിംഗ് ആപ്പുകൾക്കിടയിൽ ഉയർന്ന റേറ്റിംഗാണ് ഉള്ളത്.