ന്യൂഡല്‍ഹി: കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിളവായ്പാ തിരിച്ചടവില്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു കേന്ദ്രസര്‍ക്കാര്‍. വായ്പ തിരിച്ചടവില്‍ കര്‍ഷകര്‍ക്കു മൂന്നു ശതമാനം വരെ ഇളവു നല്‍കും. ബാങ്കുകള്‍ക്കു പലിശയിനത്തില്‍ ലഭിക്കേണ്ട തുകയില്‍ രണ്ടു ശതമാനമാണ് സര്‍ക്കാര്‍ ഇളവുനല്‍കുക. മൂന്നു ലക്ഷം വരെയുള്ള വായ്പകള്‍ക്ക് മേയ് 31 വരെയാണ് ഈ ആനുകൂല്യങ്ങള്‍. മാര്‍ച്ച് ഒന്നു മുതല്‍ മേയ് 31 വരെ തവണ അടയ്ക്കേണ്ടവര്ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പിഴത്തുക ഈടാക്കാതെയാണ് കാലാവധി നീട്ടി നല്‍കുന്നത്.