തൃശൂർ: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 89-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ പ്രഗത്ഭരായ മൂന്നു വനിതകളെ നാളെ ആദരിക്കും. കളരിപ്പയറ്റ് രംഗത്തുള്ള പദ്മശ്രീ മീനാക്ഷി ഗുരുക്കൾ, പിന്നണി ഗായിക സുജാത മോഹൻ, അത്ലറ്റ് അഞ്ജു ബോബി ജോർജ് എന്നിവരെയാണ് ആദരിക്കുന്നത്. ഹോട്ടൽ ക്രൗണ്‍ പ്ലാസയിൽ വൈകുന്നേരം ആറിനു നടക്കുന്ന സമ്മേളനത്തിൽ നടൻ മമ്മൂട്ടി മുഖ്യാതിഥിയാകുമെന്നു ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വി.ജി. മാത്യു പറഞ്ഞു. വനിതകൾക്കായി പുതിയ വായ്പാ പദ്ധതിയുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ചു നടക്കും. എസ്ഐബി മഹിളാ ഉദ്യോഗ് എന്ന വായ്പാ പദ്ധതി ശീമാട്ടിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബീന കണ്ണനും മമ്മൂട്ടിയും ചേർന്ന് ഉദ്ഘാടനം ചെയ്യും.