+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരളസമാജം സ്നേഹസാന്ത്വനം പാലിയേറ്റീവ് കെയര്‍ ഉദ്ഘാടനം ചെയ്തു

ബംഗളൂരു: കേരളസമാജത്തിന്‍റെ കാരുണ്യപ്രവര്‍ത്തനമായ 'സ്നേഹസാന്ത്വന'ത്തിന്‍റെ ഭാഗമായി ആരംഭിച്ച പാലിയേറ്റിവ് കെയര്‍ യൂണിറ്റിന്‍റെയും പുതിയ ആംബുലന്‍സിന്‍റെയും ഉദ്ഘാടനം ഇന്ദിരാനഗര്‍ കൈരളീനികേതന്‍ ഓഡിറ്റോറിയത
കേരളസമാജം സ്നേഹസാന്ത്വനം പാലിയേറ്റീവ് കെയര്‍ ഉദ്ഘാടനം ചെയ്തു
ബംഗളൂരു: കേരളസമാജത്തിന്‍റെ കാരുണ്യപ്രവര്‍ത്തനമായ 'സ്നേഹസാന്ത്വന'ത്തിന്‍റെ ഭാഗമായി ആരംഭിച്ച പാലിയേറ്റിവ് കെയര്‍ യൂണിറ്റിന്‍റെയും പുതിയ ആംബുലന്‍സിന്‍റെയും ഉദ്ഘാടനം ഇന്ദിരാനഗര്‍ കൈരളീനികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ ഉദ്ഘാടനം സന്തോഷ്‌ ആശുപത്രി ചെയര്‍മാന്‍ ഡോ. എസ്. ബിക്കം ചന്ദ് നിര്‍വഹിച്ചു. കെഎന്‍ഇ ട്രസ്റ്റ് പ്രസിഡന്‍റ് സി.എച്ച്. പത്മനാഭൻ അധ്യക്ഷത വഹിച്ചു. പുതിയ ആംബുലന്‍സ് ചടങ്ങില്‍ പുറത്തിറക്കി. കെഎന്‍ഇ ട്രസ്റ്റ് സെക്രട്ടറി സി. ഗോപിനാഥന്‍, കേരളസമാജം ജനറല്‍സെക്രട്ടറി റജികുമാര്‍, ട്രഷറര്‍ പി.വി.എന്‍. ബാലകൃഷ്ണന്‍, ജോയിന്‍റ് സെക്രടറി ജെയ്ജോ ജോസഫ്, അസിസ്റ്റന്‍റ് സെക്രട്ടറിമാരായ കെ.വി. മനു, വി.എല്‍. ജോസഫ്, വനിതാ വിഭാഗം ചെയര്‍പേഴ്സൺ കെ. റോസി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഫ്രേസര്‍ ടൗണ്‍ സന്തോഷ്‌ ആശുപത്രിയുമായി സഹകരിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യമായാണ് ഒരു മലയാളി സംഘടന ഇത്തരത്തിലൊരു കാരുണ്യ പ്രവര്‍ത്തനവുമായി രംഗത്തുവരുന്നത്. കാന്‍സര്‍, പക്ഷാഘാതം, നട്ടെല്ലിനു ക്ഷതം, നാഡീസംബന്ധമായ രോഗങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, കടുത്ത മാനസികരോഗങ്ങള്‍, പ്രമേഹം, വാര്‍ധക്യജന്യരോഗങ്ങള്‍ തുടങ്ങി ദീര്‍ഘകാല പരിചരണവും ചികിത്സയും ആവശ്യമുള്ള നിരവധി രോഗങ്ങള്‍കൊണ്ട് ദുരിതമനുഭവിക്കുന്നവര്‍ക്കും കിടപ്പിലായ വര്‍ക്കും ഗൃഹകേന്ദ്രീകൃത ചികിത്സയും പരിചരണവും ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ദീര്‍ഘകാല രോഗങ്ങള്‍ ബാധിച്ച വ്യക്തികള്‍ക്കും അതുവഴി ദുരിതമനുഭവിക്കുന്ന കുടുംബത്തിനും ആവശ്യമായ പരിചരണവും പരിശീലനവും നല്‍കുകയും ഇവര്‍ക്ക് പരിചരണത്തിനാവശ്യമായ ഉപകരണങ്ങളും മരുന്നുകളും ആവശ്യമുള്ളിടത്ത് എത്തിച്ചുകൊടുക്കുയും ചെയ്യുന്ന കര്‍മപദ്ധതിക്കാണ് കേരളസമാജം രൂപം നല്‍കുന്നതെന്ന് കേരളസമാജം ജനറല്‍സെക്രട്ടറി റജികുമാര്‍ അറിയിച്ചു.

ഇന്ദിരാ നഗറിലുള്ള കേരളസമാജം ഓഫീസ് കേന്ദ്രമാക്കിയായിരിക്കും പദ്ധതി നടപ്പാക്കുക. നിലവില്‍ സ്നേഹസാന്ത്വനം പരിപാടിയുടെ ഭാഗമായി രണ്ട് ആംബുലന്‍സുകളും നാലു ഡയാലിസിസ് യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. വിശദവിവരങ്ങള്‍ക്ക് ഫോൺ: 9845222688, 9845015527