+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓൺലൈൻ സംവിധാനം പണിമുടക്കി; കൗണ്ടറുകളിൽ വിദ്യാർഥികളുടെ വൻതിരക്ക്

ബംഗളൂരു: ബിഎംടിസി ബസ് പാസിനായി കൗണ്ടറുകളിൽ വിദ്യാർഥികളുടെ കനത്ത തിരക്ക്. ഓൺലൈൻ സംവിധാനത്തിലൂടെ പാസിന് അപേക്ഷ നല്കാൻ കഴിയാതെ വന്നതോടെയാണ് കൗണ്ടറുകളിൽ തിരക്കേറിയത്. നിലവിൽ മജെസ്റ്റിക് സ്റ്റേഷനിൽ മാത്രമേ
ഓൺലൈൻ സംവിധാനം പണിമുടക്കി; കൗണ്ടറുകളിൽ വിദ്യാർഥികളുടെ വൻതിരക്ക്
ബംഗളൂരു: ബിഎംടിസി ബസ് പാസിനായി കൗണ്ടറുകളിൽ വിദ്യാർഥികളുടെ കനത്ത തിരക്ക്. ഓൺലൈൻ സംവിധാനത്തിലൂടെ പാസിന് അപേക്ഷ നല്കാൻ കഴിയാതെ വന്നതോടെയാണ് കൗണ്ടറുകളിൽ തിരക്കേറിയത്. നിലവിൽ മജെസ്റ്റിക് സ്റ്റേഷനിൽ മാത്രമേ നേരിട്ട് പാസ് വാങ്ങാനുള്ള സൗകര്യമുള്ളൂ. ഇക്കാരണത്താൽ മജെസ്റ്റിക്കിലെ 15 കൗണ്ടറുകളിലും രാവിലെ മുതൽ വിദ്യാർഥികളുടെ നീണ്ട ക്യൂ ആണ് അനുഭവപ്പെടുന്നത്. വൈകുന്നേരം വരെ കാത്തുനിന്ന ശേഷമാണ് പലർക്കും പാസ് ലഭിച്ചത്. അതേസമയം, മജെസ്റ്റിക്കിൽ നിന്ന് ദിവസം 3,500 പാസുകൾ‌ മാത്രമേ അനുവദിക്കുന്നുള്ളൂ. പാസ് കിട്ടാൻ‌ വൈകുന്നതോടെ മുഴുവൻ ടിക്കറ്റ് തുകയും നല്കി ബസിൽ‌ യാത്രചെയ്യേണ്ട അവസ്ഥയിലാണ് വിദ്യാർഥികൾ. ഓൺലൈൻ സംവിധാനത്തിലെ പ്രശ്നങ്ങൾ ഉടൻ തന്നെ പരിഹരിക്കുമെന്ന് ബിഎംടിസി അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇത്തവണ ആദ്യമായാണ് ഓൺലൈൻ വഴി പാസിന് അപേക്ഷ നല്കാനുള്ള സംവിധാനം ഏർപ്പെടുത്തിയത്. ഓൺലൈനിലൂടെ അപേക്ഷ സമർപ്പിച്ചാൽ പാസ് വീട്ടിലെത്തുന്ന തരത്തിലുള്ള സംവിധാനമാണ് ബിഎംടിസി ഒരുക്കിയിരുന്നത്. ഓൺലൈനിലൂടെ മാത്രം മൂന്നുലക്ഷത്തോളം അപേക്ഷകൾ ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ അപേക്ഷയ്ക്കൊപ്പം ഫോട്ടോ അപ്‌ലോഡ് ചെയ്യാൻ കഴിയാതെ വന്നതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ലഭിച്ച പല അപേക്ഷകളും പിശകുകൾ നിറഞ്ഞതാണെന്നും അധികൃതർ കണ്ടെത്തി. ഇതോടെ ഓൺലൈൻ നടപടികൾ നിർത്തിവയ്ക്കുകയായിരുന്നു.

പിഴവുകൾ പരിഹരിച്ച് ഓൺലൈൻ സംവിധാനം പുനരാരംഭിക്കുകയോ കൂടുതൽ ബസ് സ്റ്റേഷനുകളിൽ പാസ് വാങ്ങാനുള്ള സൗകര്യം ഏർപ്പെടുത്തുകയോ ചെയ്യണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.