+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദസറയ്ക്കായി അണിഞ്ഞൊരുങ്ങി മൈസൂരു; ഒരുക്കങ്ങൾ തകൃതി

മൈസൂരു: ദസറ ആഘോഷങ്ങൾക്കായി മൈസൂരു അണിഞ്ഞൊരുങ്ങി. ഒക്ടോബർ പത്തിന് ആരംഭിക്കുന്ന ദസറയ്ക്കായി ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. മൈസൂരു കോർപറേഷന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും നേതൃത്വത്തിൽ നഗരം മോടിപിടിപ്പിക്
ദസറയ്ക്കായി അണിഞ്ഞൊരുങ്ങി മൈസൂരു; ഒരുക്കങ്ങൾ തകൃതി
മൈസൂരു: ദസറ ആഘോഷങ്ങൾക്കായി മൈസൂരു അണിഞ്ഞൊരുങ്ങി. ഒക്ടോബർ പത്തിന് ആരംഭിക്കുന്ന ദസറയ്ക്കായി ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. മൈസൂരു കോർപറേഷന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും നേതൃത്വത്തിൽ നഗരം മോടിപിടിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

നഗരത്തിലെ റോഡുകളുടെയും നടപ്പാതകളുടെയും അറ്റകുറ്റപ്പണികൾ അതിവേഗം പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നല്കിയതായി മൈസൂരു ജില്ലയുടെ ചുമതലയുള്ള മന്ത്രി ജി.ടി. ദേവഗൗഡ അറിയിച്ചു. ദസറ ഗ്രാന്‍റായ 25 കോടി ഉടൻ തന്നെ നല്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർഥിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. റോഡ് നവീകരണത്തിനായി 2.16 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. ദസറ ആഘോഷത്തിനായി മൈസൂരു രാജകുടുംബാംഗങ്ങളെ ക്ഷണിക്കുന്നതിന് തീയതി നിശ്ചയിക്കാൻ മൈസൂരു ഡപ്യൂട്ടി കമ്മീഷണറോട് മന്ത്രി ആവശ്യപ്പെട്ടു.

ചരിത്രപ്രധാനമായ ജഗൻമോഹൻ പാലസിന്‍റെ നവീകരണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. ഹൈദരാബാദിലെ ജിഎൻ ഹെറിട്ടേജാണ് നവീകരണപ്രവർത്തനങ്ങൾ നടത്തുന്നത്. എഴുപതോളം വിദഗ്ധ തൊഴിലാളികളുടെ നേതൃത്വത്തിലാണ് നവീകരണപ്രവർത്തനങ്ങൾ നടക്കുന്നത്. പാലസിൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സിസിടിവി കാമറകളും സ്ഥാപിക്കുന്നുണ്ട്. ശ്രീകണ്ഠദത്ത നരസിംഹരാജ വൊഡയാർ ഹെറിറ്റേജ് സെന്‍ററിന്‍റെയും ജയചാമരാജേന്ദ്ര ആർട്ട് ഗാലറി ട്രസ്റ്റിന്‍റെയും ചുമതലയിലാണ് പാലസ് പ്രവർത്തിക്കുന്നത്. ദസറ ആഘോഷത്തോടനുബന്ധിച്ച് അപൂർവ വസ്തുക്കൾ പ്രദർശിപ്പിച്ചിരിക്കുന്ന പാലസ് മ്യൂസിയം സന്ദർശകർക്ക് തുറന്നുകൊടുക്കും.

ഒക്ടോബർ പത്തിന് ചാമുണ്ഡി മലയിൽ മുഖ്യമന്ത്രി കുമാരസ്വാമി ദസറ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരിയും ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്സണുമായ സുധാ മൂർത്തി മുഖ്യാതിഥിയായിരിക്കും.