മെൽബണ്‍: ഹർത്താൽ ദിനത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ ആയിരത്തി അറുനൂറോളം നിർധന രോഗികൾക്കും ബന്ധുക്കൾക്കും ഉച്ച ഭക്ഷണം നൽകി പ്രവാസി കൂട്ടായ്മയായ എന്റെ ഗ്രാമം പ്രവർത്തകർ. വിശക്കുന്നവന് ആഹാരം നൽകുക എന്ന ലക്ഷ്യത്തോട് കൂടി കോട്ടയം മെഡിക്കൽ കോളേജിലെ കാൻസർ വാർഡിലെ രോഗികൾക്കും അവരെ പരിചരിക്കുന്നവർക്കും ഭക്ഷണം നൽകി ആരംഭിച്ച പദ്ധതിയാണ് ഇപ്പോൾ ആയിരത്തി അറുനൂറോളം പേർക്ക് ഭക്ഷണം നൽകുന്ന രീതിയിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്.
ആരംഭത്തിൽ അറുനൂറു പേർക്ക് എല്ലാ വ്യാഴാഴ്ചയും ചൊവ്വാഴ്ചയും ഭക്ഷണം നൽകി കൊണ്ടിരിക്കുന്ന പ്രവർത്തനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മലയാളികളായ പ്രവാസികളുടെ കൂട്ടായ്മയാണ് വിവിധ ദിവസങ്ങളിൽ ഭക്ഷണം നൽകാനുള്ള ധന സഹായം നൽകി വരുന്നത്. ഏതാനും മാസങ്ങൾക്കു മുൻപ് ഇന്ത്യ സർക്കാരിന്റെ അംഗീകാരം ലഭിച്ച ഈ സംഘടനക്ക് മെഡിക്കൽ കോളേജിലെ ഏതാനും ഡോക്ടർമാരുടെ സഹായവും, നവജീവൻ ഡയറക്റ്റർ പി.യു. തോമസുച്ചേട്ടന്റെ ആശിര്‍വാദത്തോടും കൂടി ഇപ്പോൾ മെഡിക്കൽ കോളേജിനുള്ളിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള അംഗീകാരവും ലഭിച്ചു.
ഈ കൂട്ടായ്മയിൽ യുകെ, അയർലൻഡ്, ഗൾഫു രാജ്യങ്ങൾ, ഓസ്ട്രേലിയ ഏന്നീ രാജ്യങ്ങളിൽ നിന്നുള്ള സുഹൃത് കൂട്ടായ്മകളാണ് സാന്പത്തിക സഹായം നൽകുന്നത്. ഓരോ പ്രദേശങ്ങളിൽ നിന്നുള്ള ആളുകളാണ് ഓരോ ദിവസത്തെയും സാന്പത്തിക സഹായം ക്രമീകരിക്കുന്നത്. ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത് കഴിഞ്ഞ പത്തു വർഷമായി ഓസ്ട്രേലിയയിൽ താമസിക്കുന്ന ഏറ്റുമാനൂർ പുന്നത്തുറ സ്വദേശിയയായ സജി മുണ്ടക്കലാണ്.
റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ
ഹർത്താൽ ദിനത്തിൽ മാതൃകയായി പ്രവാസി കൂട്ടായ്മയായ എന്റെ ഗ്രാമം
09:50 PM May 29, 2018 | Deepika.com