ക്യൂന്‍സ്‌ലാൻഡിൽ പുതിയ മെയിൽ നഴ്സ് കൂട്ടായ്മ

04:31 PM Feb 19, 2018 | Deepika.com
ബ്രിസ്ബെയ്ന്‍: ക്യൂന്‍സ്‌ലാൻഡിൽ ആതുര സേവന രംഗത്തെ മലയാളികളുടെ ഉന്നമനം ലക്ഷ്യമിട്ട് പുതിയ മെയിൽ നഴ്സ് കൂട്ടായ്മ തുടങ്ങി. മലയാളി നഴ്സസ് ഇന്‍ ക്യൂന്‍സ്‌ലാന്‍ഡ് മെയില്‍സ് (മാണിക്യം) എന്ന പേരില്‍ ആരംഭിച്ച കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം ഇന്ത്യയിലെയും ഓസ്ട്രേലിയയിലെയും മലയാളി നഴ്സുമാരുടെ ഉന്നമനമാണ്.

ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന മലയാളി നഴ്സുമാര്‍ക്ക് വേണ്ട സഹായം നല്‍കാനും അവര്‍ക്കാവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഐക്യത്തോടെയുള്ള പ്രവര്‍ത്തനം ലക്ഷ്യമിട്ടാണ് സംഘടന രൂപീകരിച്ചതെന്ന് പ്രസിഡന്‍റ് ടോജോ ജോസഫ് പറഞ്ഞു. യുഎന്‍എ ദേശീയ പ്രസിഡന്‍റ് ജാസ്മിന്‍ ഷായുമായി സഹകരിച്ച് ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലുമുള്ള മലയാളി നഴ്സുമാരുടെ വിവരങ്ങള്‍ ശേഖരിച്ച് അവര്‍ക്കായി പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്ന് സെക്രട്ടറി നോബിള്‍ സെബാസ്റ്റ്യന്‍ പറഞ്ഞു.

ചേര്‍ത്തല കെ.വി.എം ആശുപത്രിക്ക് മുന്നിൽ ആവശ്യങ്ങള്‍ക്കായി നടത്തുന്ന 180 ദിവസം പിന്നിട്ട നഴ്സുമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് മാണിക്യത്തിന്‍റെ പ്രഥമ യോഗം തുടങ്ങിയത്. മാനേജ്മെന്‍റ് കാണിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത മനോഭാവം കടുത്ത സമരമുറയിലേക്ക് പ്രവേശിക്കാന്‍ കാരണമാകുമെന്ന് യോഗം ചൂണ്ടിക്കാട്ടി. ശമ്പള പരിഷ്കരണം നടപ്പാക്കുക, പരിശീലന സമ്പ്രദായം നിര്‍ത്തലാക്കി മിനിമം വേതനം നല്‍കുക, അന്യായമായി പുറത്താക്കിയ നഴ്സുമാരെ തിരിച്ചെടുക്കുക, അമിത ജോലി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ന്യായമാണെന്നും ഇവ നൽകാൻ ആശുപത്രി മാനേജ്മെന്‍റുകൾ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. സമരം തുടരുന്ന നഴ്സുമാര്‍ക്ക് സഹായം എത്തിക്കുമെന്ന് ഖജാന്‍ജി ജോസ് അഗസ്ത്യന്‍ പറഞ്ഞു.

അന്താരാഷ്ട്ര നഴ്സസ് ദിനത്തില്‍ മാണിക്യത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നടത്താനും യോഗത്തില്‍ തീരുമാനമായി. ഉദ്ഘാടന ദിവസത്തില്‍ 2018-2019 പദ്ധതി രേഖകള്‍ സമര്‍പ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. മാണിക്യം കൂട്ടായ്മക്കൊപ്പം പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള ക്യൂന്‍സ്‌ലാന്‍ഡിലെ പുരുഷന്മാരായ മലയാളി നഴ്സുമാര്‍ tojojoseph99@googlemail.com എന്ന വിലാസത്തില്‍ ബന്ധപ്പെടുക.