മെൽബണ്: സെന്റ് മേരിസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ പരി. പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിനു കൊടിയേറി. ക്ലേറ്റൻ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചാപ്പലിലാണ് ഒക്ടോബർ 29 ഞായറാഴ്ച വിശുദ്ധ കുർബാനനന്തരം ഫാ. ചാൾസ്മോൻ എപിയുടെ സാന്നിദ്ധ്യത്തിൽ ഫാ. സജു ഉണ്ണൂണ്ണി, നൂറു കണക്കിനു വിശ്വാസികളുടെ പ്രാർത്ഥനാ നിർഭരമായ അവസരത്തിൽ കൊടിയേറ്റുകർമ്മം നിർവഹിച്ചത്.
നവംബർ മാസം ഒന്നിന് ബുധനാഴ്ച വൈകുന്നേരം 6.30നു സന്ധ്യാനമസ്കാരത്തോടുകൂടി പ്രത്യേക കുർബാന കത്തീഡ്രലിലും ചാപ്പലിലും നടത്തപ്പെടും. 4, 5 തീയതികളിൽ നടത്തപ്പെടുന്ന പ്രധാന പെരുന്നാൾ ചടങ്ങുകൾക്ക് ആഡലെയ്ഡ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക വികാരി റവ. ഫാ. അനീഷ് കെ സാം പ്രധാന കർമ്മികനാകും. നവംബർ മൂന്ന് വെള്ളിയാഴ്ച വൈകുന്നേരം 6.30 നു സമർപ്പണ പ്രാർത്ഥന, 7.30നു സന്ധ്യാനമസ്കാരം, മധ്യസ്ഥപ്രാർത്ഥന എന്നിവ കത്തീഡ്രലിൽ നടത്തപ്പെടും. 4 ശനിയാഴച് രാവിലെ 8.30നു പ്രഭാത നമസ്കാരവും വി. കുർബാനയും കത്തീഡ്രലിൽ വച്ചു നടത്തപ്പെടും. വൈകുന്നേരം 6ന് സന്ധ്യാനമസ്കാരവും, സുവിശേഷ പ്രസംഗവും തുടർന്ന് പെരുന്നാൾ പ്രദക്ഷിണവും വാഴ്വും നേർച്ച വിളന്പും നടത്തപ്പെടും. 5 ഞായറാഴ്ച രാവിലെ 8ന് പ്രഭാതനമസ്കാരവും തുടർന്നു വി. കുർബാനയും, പെരുന്നാൾ ശ്രുശ്രൂഷകളും നടത്തപ്പെടും. പെരുന്നാൾ പ്രദക്ഷിണം വാഴിവോടുകൂടി സമാപിക്കുന്പോൾ നേർച്ച വിളന്പു നടത്തപ്പെടും.
തുടർന്നു നടത്തപ്പെടുന്ന ആദ്യഫലപ്പെരുനാളിലും അനുബന്ധ പെരുന്നാൾ ചടങ്ങുകളിലും മെൽബണിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കാൽനടയായും അല്ലാതെയും കടന്നു വരുന്ന നൂറു കണക്കിനാളുകൾ പങ്കെടുക്കും. പരിശുദ്ധനായ പരുമല തിരുമേനിയുടെ തിരുശേഷിപ്പു പ്രതിഷ്ഠിച്ചിട്ടുള്ള വിക്ടോറിയായിലെ ഏക ദേവാലയമെന്ന പ്രത്യേകത ക്ലേറ്റൻ സെന്റ് ഗ്രിഗോറിയോസ് ചാപ്പലിനുണ്ട്. പെരുന്നാളിനുള്ള തുടക്കം ദേവാലയത്തിൽ ആരംഭിക്കുന്പോൾ തന്നെ അതിൽ പങ്കെടുക്കുവാനും അനുഗ്രഹം പ്രാപിക്കുവാനുമുള്ള അത്മീയമായ ഒരുക്കങ്ങൾ വ്യക്തികളിലുണ്ടാവണമെന്നും പ്രാർത്ഥനാപൂർവ്യം എല്ലാ കാര്യങ്ങളിലും വന്നു സംബന്ധിച്ച് വിശ്വാസികൾ ഏവരും അനുഗ്രഹം പ്രാപിക്കണമെന്നും ഇടവക വികാരി റവ. ഫാ. പ്രദീപ് പൊന്നച്ചൻ അറിയിച്ചു. ഇടവകകൈക്കാരൻ എം സി ജേക്കബ്, സെക്രട്ടറി ജിബിൻ മാത്യു എന്നിവരടങ്ങിയ മാനേജിംഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ പെരുന്നാൾ ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നതായി വികാരി അറിയിച്ചു.
റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ
പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിനു കൊടിയേറി
10:50 PM Oct 30, 2017 | Deepika.com