ഫ്ളൈറ്റ് ടിക്കറ്റ് തട്ടിപ്പ്: പരാതിയുമായി മലയാളികൾ പെർത്ത് ഇന്ത്യൻ എംബസിയിൽ

11:17 PM Oct 27, 2017 | Deepika.com
പെർത്ത്: വ്യാജ ഫ്ളൈറ്റ് ടിക്കറ്റ് കൊടുത്ത് നൂറുകണക്കിന് ആളുകളിൽനിന്നും പണം തട്ടിയ മെൽബണിലെ മലയാളിയുടെ പേരിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പെർത്തിലെ മലയാളികൾ പരാതിയുമായി ഇന്ത്യൻ എംബസിയെ സമീപിച്ചു.

മെൽബണ്‍, ഷെപ്പാർട്ടണ്‍ ബല്ലാറാട്ട്, സിഡ്നി, പെർത്ത്, ന്യൂ കാസിൽ, ബ്രിസ്ബേൻ, അഡലെയ്ഡ് തുടങ്ങിയ സ്ഥലങ്ങളിലുള്ളവരാണ് പരാതിയുമായി കേരള ന്യൂസ് ഹെൽപ് ലൈനുമായി ബന്ധപ്പെടുകയും അതിനായി പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തത്.

പെർത്തിൽ ബിനോയി പോളിന്‍റെ നേതൃത്വത്തിൽ പണം നഷ്ട്ടപ്പെട്ടവരുടെ പ്രതിനിധികൾ ഇന്ത്യൻ എംബസി കമ്യൂണിറ്റി വിഭാഗം മേധാവി ദേവേന്ദ്ര കുമാറിന് നിവേദനം നൽകി. പെർത്ത് ഇന്ത്യൻ കൾചറൽ കമ്യൂണിറ്റി പ്രസിഡന്‍റ് ജോയി കോയിക്കര, ബേബി, സലിം എന്നിവരും സംഘത്തിലുണ്ടായിരുന്നു.

പ്രതിയുടെ പാപ്പർ ഹർജിക്ക് ബദലായി കോടതിയെ സമീപിക്കുവാനും നാട്ടിൽ ഇന്ത്യൻ ഗവണ്‍മെന്‍റിൽ പരാതി നൽകാനും തീരുമാനിച്ചിട്ടുണ്ട്. മലയാളികളിൽനിന്നും ടിക്കറ്റിനായും വായ്പയായും നാലുലക്ഷത്തിൽപരം ഡോളറാണ് പലർക്കായി നഷ്ട്ടപ്പെട്ടിരിക്കുന്നത്. ഇതിനിടെ ലിക്വഡേഷനിൽ പകുതി പേരുടെ പേരു പോലും ഉൾപ്പെടുത്തിയിട്ടില്ലെന്നും ധാരാളം പേർ പരാതി കൊടുക്കാൻ മടിക്കുന്നതായും പരാതിക്കാർ പറയുന്നു.