മെൽബണ്‍: ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവായുടെ പ്രഥമ ശ്ലൈഹിക സന്ദർശനം 2017 നവംബർ 8 മുതൽ 14 വരെ മെൽബണിലെ വിവിധ ഇടവകകളിൽ.
ഓസ്ട്രേലിയയിലുള്ള സുറിയാനി ഓർത്തഡോക്സ് വിശ്വാസികൾ (Syrian Archdiocese)ആണ് പരി. പിതാവിന്റെ സന്ദർശനത്തിന് മുൻകൈ എടുക്കുന്നത്. ഓസ്ട്രേലിയൻ സർക്കാരിന്റെ മുഖ്യാതിഥിയായാണ് പാത്രിയർക്കീസ് ബാവ എത്തുന്നത്.
ഇന്ത്യയിൽ നിന്നുള്ള പരി. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭാംഗങ്ങളും ക്നാനായ യാക്കോബായ അതിഭദ്രാസന സഭാംഗങ്ങളും ചേർന്ന് ഭദ്രാസന മെത്രാപ്പോലിത്ത അഭി: യുഹന്നോൻ മോർ മിലിത്തിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ നവംബർ 11നു രാവിലെ 9ന് മെൽബണിലെ ഹെതർട്ടണിലുള്ള സെന്റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിൽ സ്വീകരണം നൽകും. തുടർന്ന് പരി. ബാവായുടെ മുഖ്യ കാർമികത്വത്തിൽ വി. കുർബാനയും തുടർന്ന് പൊതുസമ്മേളനവും നടക്കും. പരി. പിതാവിന്റെ സന്ദർശനം ഏറ്റവും അനുഗ്രഹകരമാക്കുവാൻ എല്ലാ ഇടവകകളിൽ നിന്നും പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായ കമ്മിറ്റിയെ തെരഞ്ഞെടുത്തിട്ടുണ്ട്.
റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ
പരി. പാത്രിയർക്കീസ് ബാവായുടെ പ്രഥമ അപ്പോസ്തോലിക സന്ദർശനം മെൽബണിൽ
06:47 PM Oct 20, 2017 | Deepika.com