മെൽബണ്‍ : മലങ്കര ഓർത്തഡോക്സ് സഭയുടെ മദ്രാസ് ഭദ്രാസനത്തിൽപ്പെട്ട മെൽബണ്‍ സെന്റ് മേരിസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ വെക്കേഷൻ ബൈബിൾ സ്കൂളും, ഇടവക മെത്രാപ്പോലീത്തായുടെ സന്ദർശനവും ഒക്ടോബർ നാലുമുതൽ എട്ടുവരെ തീയതികളിൽ നടത്തപ്പെടും. 150ഓളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ബൈബിൾ ക്ലാസുകൾക്കു വികാരി ഫാ. പ്രദീപ് പൊന്നച്ചൻ നേതൃത്വം നൽകും.
' എല്ലാവര്ക്കും നന്മ ചെയ് വിന് (1 തെസ്സലൊനീക്യർ 5:15) 'എന്നതാണ് ഈ വർഷത്തെ മുഖ്യചിന്താവിഷയം. അഞ്ചാം തീയതി മെൽബണിൽ എത്തിച്ചേരുന്ന ഭദ്രാസനാധിപൻ അഭി. ഡോ. യുഹാന്നോൻ മാർ ദിയസ്ക്കോറോസ്മെത്രാപ്പോലീത്തായ്ക്ക് പ്രൗഢഗംഭീരമായ സ്വീകരണം നൽകും. വിവിധ ആദ്ധ്യാത്മിക സംഘടനാ പ്രവർത്തകരുമായും, ഇടവക ഭരണ സമിതിയുമായും അഭി. തിരുമേനി പ്രത്യേക കൂടികാഴ്ചകൾ നടത്തും. ഒക്ടോബർ ആറിന് വൈകുന്നേരം കത്തീഡ്രലിൽ വച്ചു നടത്തപ്പെടുന്ന സന്ധ്യാനമസ്കാരത്തിനും മധ്യസ്ഥപ്രാർത്ഥനക്കും അഭി. തിരുമേനി നേതൃത്വം നൽകും.
ഏഴിനു ശനിയാഴ്ച രാവിലെ 8ന് ക്ലേറ്റണ്‍ സെന്റ് ഗ്രിഗോറിയോസ് ചാപ്പലിൽ അഭി. തിരുമേനി വി. കുർബാന അർപ്പിക്കുകയും തുടർന്നു പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിക്കുകയും ചെയ്യും. 11 ഓടെ സഹോദരീ സഭയായ കോപ്റ്റിക്ക് ഓർത്തഡോക്സ് സഭയുടെയും, മലങ്കര സഭയുടെയും യുവജനങ്ങളുടെ സംയുക്ത സമ്മേളനത്തെ മെത്രാപ്പോലീത്ത അഭിസംബോധന ചെയ്യും. എട്ടിനു ഞായറാഴ്ച കത്തീഡ്രൽ ദേവാലയത്തിൽ വി. കുർബാനക്കും അഭി. തിരുമേനി മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്നു നടക്കുന്ന ഒവിബിഎസിന്റെ സമാപനസമ്മേളനത്തിൽ മുഖ്യസന്ദേശം നൽകുകയും ചെയ്യും. പ്രസ്തുത പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി വികാരി റവ. ഫാ. പ്രദീപ് പൊന്നച്ചൻ, സഹ. വികാരി റവ. ഫാ. സജു ഉണ്ണൂണ്ണി, കൈക്കാരൻ എം സി ജേക്കബ്, സെക്രട്ടറി ജിബിൻ മാത്യു എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തനം ആരംഭിച്ചതായി വികാരി അറിയിച്ചു.
റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ
മെൽബണ്‍ സെന്റ് മേരിസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ ഇടവക മെത്രാപ്പോലീത്തായുടെ സന്ദർശനവും ഒവിബിഎസും
10:44 PM Oct 04, 2017 | Deepika.com