എൻടിടിഎഫ് രജതജൂബിലി 29 ന്

05:15 PM Apr 17, 2017 | Deepika.com
മെൽബണ്‍: ദക്ഷിണേന്ത്യയിലെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സംരംഭമായ നെട്ടൂർ ടെക്നിക്കൽ ഫൗണ്ടേഷനിൽ (എൻടിടിഎഫ്) നിന്നും ടൂൾമേക്കിംഗ് പഠനം പൂർത്തിയാക്കി ഓസ്ട്രേലിയയിലെ വിക്ടോറിയയിലേക്കു ആദ്യ കാലത്ത് കുടിയേറിയവർ രൂപം കൊടുത്ത എൻടിടിഎഫ് പൂർവ വിദ്യാർഥി സംഘടന രജതജൂബിലി വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.

വിക്ടോറിയയിലെ ആയിരത്തോളം വരുന്ന എൻടിടിഎഫ് പൂർവ വിദ്യാർഥികൾ പുതുതായി എത്തുന്നവർക്ക് തൊഴിൽ ഉപദേശങ്ങൾ, പഠന സെമിനാറുകൾ വിവിധ ബുദ്ധിമുട്ടുകൾ നേരിടുന്ന അംഗങ്ങൾക്കും മറ്റു സമൂഹത്തിനും അടിയന്തര സഹായം എത്തിക്കുകയും വർഷാ വർഷം സംഘടനാ അംഗങ്ങൾക്കും കുടുംബത്തിനുമായി കലാ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതുകൂടാതെ കുട്ടികൾക്കു പഠന പ്രോത്സാഹന അവാർഡുകളും നൽകിവരുന്നു. സംഘടനയുടെ സേവന പ്രവർത്തനങ്ങളും കായിക, കലാ സാംസ്കാരിക പരിപാടികളും വരും കാലങ്ങളിലും തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു.

ഏപ്രിൽ 29 ന് (ശനി) സെന്‍റ് ലൂയിസ് കമ്യൂണിറ്റി ഹാൾ 37 ഡോൾഫിൻ സ്ട്രീറ്റ് ആസ്പെൻഡൽ 3195 വിക്ടോറിയയിൽ നടക്കുന്ന രജതജൂബിലി ആഘോഷത്തിൽ എൻടിടിഎഫിന്‍റെ വിവിധ സ്ഥാപനങ്ങളിലായി അന്പതു വർഷത്തിലേറെ സേവനം അനുഷ്ഠിച്ച സി.വി. മധു മുഖ്യാതിഥിയായിരിക്കും. ആൻകാ കോ ഫൗണ്ടർ ആൻഡ് ഡയറക്ടർ പാട്രിക് മെക്ലുസ്കി, ഫാ. വിനോദ് വിക്ടർ എന്നിവർ സംസാരിക്കും. തുടർന്ന് വിവിധ കലാ സാംസ്കാരിക പരിപാടികളും അരങ്ങേറും.

വിവരങ്ങൾക്ക്: വിജയ് 0412691121, മനോജ് 0401041139.

റിപ്പോർട്ട്: വിജയകുമാരൻ