മെൽബണ്‍ സൗത്തിൽ സീറോ മലബാർ ദേവാലയത്തിന് അനുമതി ലഭിച്ചു

05:34 PM Mar 03, 2017 | Deepika.com
മെൽബണ്‍: മെൽബണ്‍ സീറോ മലബാർ രൂപതയുടെ ആദ്യ ദേവാലയം സൗത്ത് ഈസ്റ്റിലെ ഡൻഡിനോംഗിൽ ഉയരും. സൗത്ത് ഈസ്റ്റിലെ സെന്‍റ് തോമസ് ഇടവകയ്ക്കാണ് പുതുതായി ദേവാലയം നിർമിക്കുവാൻ കൗണ്‍സിലിന്‍റെ അനുമതി ലഭിച്ചിരിക്കുന്നത്. സൗത്ത് ഈസ്റ്റിലെ എഴുന്നൂറോളം കുടുംബങ്ങളുടെ ദീർഘനാളത്തെ പ്രാർഥനയും പ്രയത്നവുമാണ് പുതിയ ദേവാലയം.

ഡൻഡിനോംഗ് ഫ്രാക്സ്റ്റണ്‍ റോഡിലെ 525531 ൽ സ്ഥിതിചെയ്യുന്ന ഏഴ് ഏക്കറിലാണ് പ്രസ്തുത ഇടവക ദേവാലയം ഉയരുക. ഈ പ്രദേശങ്ങളിൽ താമസിക്കുന്ന മുഴുവൻ ആളുകൾക്കും എളുപ്പത്തിൽ എത്തിച്ചേരുവാൻ സാധിക്കും എന്നതാണ് ഈ സ്ഥലത്തിന്‍റെ പ്രത്യേകത. ഇവിടെ നിലവിൽ ഒരു ഫംഗ്ഷൻ സെന്‍റർ പ്രവർത്തിക്കുന്നുണ്ട്. ധാരാളം സൗകര്യങ്ങൾ ഉള്ള ഈ സെന്‍റർ താത്കാലികമായി ഉപയോഗിക്കാൻ പറ്റും എന്നതും ഇതിന്‍റെ പ്രത്യേകതയാണ്.

പുതിയ ദേവാലയത്തിന് അനുമതി ലഭിച്ചത് വളരെ സന്തോഷമുള്ള കാര്യമാണെന്നും മറ്റു സ്ഥലങ്ങളിലും താമസിയാതെ അനുവാദം ലഭിക്കട്ടെയെന്നും മെൽബണ്‍ രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ അഭിപ്രായപ്പെട്ടു. ഇത് വിശ്വാസികളുടെ പ്രാർഥനയുടെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗത്ത് ഈസ്റ്റിലെ പള്ളിക്ക് ഭരണാനുമതി ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് വികാരി ജനറാൾ മോണ്‍. ഫ്രാൻസീസ് കോലഞ്ചേരി അഭിപ്രായപ്പെട്ടു. ആരാധനയ്ക്കായി പുതിയ ദേവാലയം അനുമതി കിട്ടിയതിൽ ചാൻസലർ ഫാ. മാത്യു കൊച്ചുപുരയും സൗത്ത് ഈസ്റ്റ് ഇടവക വികാരി ഫാ. ഏബ്രാഹം കുന്നത്തോളിയും നന്ദി പറഞ്ഞു.

ബിൽഡിംഗ് കമ്മിറ്റി കണ്‍വീനർ ഡോ. ഷാജു കുത്തനാപിള്ളിയുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ ദേവാലയത്തിന്‍റെ നിർമാണത്തിനായി സജീവമായി പ്രവർത്തിച്ചു വരുന്നു. പള്ളി സമുച്ചയം യഥാർഥ്യമാകണമെങ്കിൽ ഇനിയും കൗണ്‍സിൽ അനുശാസിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ ഉപറോഡുകളുടെ നിർമാണം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പൂർത്തിയാക്കണം. അതിനുള്ള നടപടികൾ തുടങ്ങിയതായി കമ്മറ്റി അറിയിച്ചു.