ഷേക്ക് ഹാൻഡ് നൽകുന്നതിന് ഓസ്ട്രേലിയയിൽ മുസ്‌ലിം വിദ്യാർഥിനികൾക്ക് ഇളവ്

08:47 PM Feb 20, 2017 | Deepika.com
മെൽബണ്‍: പെണ്‍കുട്ടികൾക്കു ഷേക്ക് ഹാൻഡ് നൽകാൻ മതവിശ്വാസം അനുവദിക്കുന്നില്ലെന്ന് അറിയിച്ച വിദ്യാർഥികൾക്ക് ഇളവു നൽകി ഓസ്ട്രേലിയൻ വിദ്യാഭ്യാസ വകുപ്പ്. ഓസ്ട്രേലിയയിലെ ഒരു പബ്ലിക് സ്കൂളിലെ മുസ്‌ലിം വിദ്യാർഥികളാണു പെണ്‍കുട്ടികൾക്കു ഷേക്ക് ഹാൻഡ് നൽകുന്നതു മതവിശ്വാസത്തിന് എതിരാണെന്നും ഒഴിവു നൽകണമെന്നും ആവശ്യപ്പെട്ടത്.

സിഡ്നിയിലെ ജോർജസ് റിവർ കോളജിലെ അവാർഡ് ചടങ്ങുമായി ബന്ധപ്പെട്ടാണു സംഭവം. ചടങ്ങിൽ ആതിഥേയരായ പെണ്‍കുട്ടികൾ വിദ്യാർഥികളെ ഷേക്ക് ഹാൻഡ് നൽകിയാണു സ്വീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുക. എന്നാൽ, പെണ്‍കുട്ടികൾക്കു കൈ കൊടുക്കാനാവില്ലെന്ന് ഒരു വിഭാഗം മുസ്‌ലിം ആണ്‍കുട്ടികൾ നിലപാടു സ്വീകരിക്കുകയായിരുന്നു. ഇതേത്തുടർന്ന് ഷേക്ക് ഹാൻഡിനു പകരം സ്വന്തം കൈ നെഞ്ചോടു ചേർത്തു ബഹുമാനം പ്രകടിപ്പിക്കാൻ അനുമതി നൽകുകയായിരുന്നു.

ദ ന്യൂ സൗത്ത് വെയിൽസ് എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്‍റ് എല്ലാ വിദ്യാർഥികളുടെയും മതപരവും ഭാഷാപരവും സാംസ്കാരികവുമായ പശ്ചാലത്തലത്തെ മാനിക്കുന്നവരാണെന്ന് ഡിപ്പാർട്ട്മെന്‍റ് വക്താവ് ദി ഓസ്ട്രേലിയൻ ന്യൂസ്പേപ്പറിനോടു പറഞ്ഞു. വിവിധ സംസ്കാരങ്ങളെ ആദരിക്കുന്ന ഓസ്ട്രേലിയൻ സമൂഹത്തിന്‍റെ വിശാല മനസുകൂടിയാണ് ഈ സംഭവം വ്യക്തമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.