കാൻബറ സെന്റ് അൽഫോൻസ ഇടവകയിലെ പുൽക്കൂട് ജനശ്രദ്ധയാകർഷിക്കുന്നു

12:52 AM Dec 20, 2016 | Deepika.com
കാൻബറ: ഓസ്ട്രേലിയൻ തലസ്‌ഥാനമായ കാൻബറയിൽ മലയാളികൾ ഒരുക്കിയ പുൽക്കൂട് ജനശ്രദ്ധയാകർഷിക്കുന്നു. സെന്റ് അൽഫോൻസ സീറോ മലബാർ ഇടവകയിലെ പുൽക്കൂട് മലയാളികൾക്കും തദ്ദേശീയർക്കും മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർക്കും നവ്യാനുഭവമായി.

ഓകോണർ സെന്റ് ജോസഫ് ദേവാലയത്തിലാണ് യേശു ജനിച്ച ബേത്ലഹേമിലെ കാലിത്തൊഴുത്തിന്റെ പുനരാവിഷ്കാരം പുനഃസൃഷ്ടിച്ചിരിക്കുന്നത്. പള്ളിക്കു പുറത്ത് പരമ്പരാഗത ഓസ്ട്രേലിയൻ ശൈലിയിൽ നിന്നും മാറി, തനതു കേരളീയ പാരമ്പര്യത്തിലും ശൈലിയിലും ഉള്ള നിർമാണമാണ് ഇവിടുത്തെ പുൽക്കൂടിനെ വ്യത്യസ്തമാക്കുന്നത്. ക്രിസ്മസ് ആഘോഷം മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായ രീതിയിൽ പുതിയ തലമുറക്കും തദ്ദേശീയർക്കും അനുഭവവേദ്യമാക്കണമെന്ന ഇടവക സമൂഹത്തിന്റെ ആഗ്രഹ പൂർത്തീകരണമാണ് വ്യത്യസ്തമായ പുൽക്കൂട് നിർമാണത്തിലൂടെ പൂർത്തിയായത്.

ഉണ്ണിയേശുവിന്റെ തിരുസ്വരൂപം ഒഴിച്ചുള്ള മുഴുവൻ രൂപങ്ങളും പുൽക്കൂടിൽ സ്‌ഥാപിച്ചു കഴിഞ്ഞു. ക്രിസ്മസ് രാത്രിയിൽ ക്രിസ്മസിന്റെ തിരുക്കർമങ്ങൾക്കിടയിൽ ഉണ്ണിയേശുവിന്റെ തിരുസ്വരൂപം പ്രതിഷ്ഠിക്കും.

ഇടവക വികാരി ഫാ. മാത്യു കുന്നപ്പിള്ളിയുടെ നേതൃത്വത്തിൽ സീറോ മലബാർ യൂത്ത് മൂവ്മെന്റും ഇടവക സമൂഹവും ചേർന്നാണ് പുൽക്കൂട് നിർമിച്ചത്. പള്ളിയുടെ വിലാസം: St. Joseph Catholic Church, 61 Boronia drive, O’Connor, A.C.T. -2602.

റിപ്പോർട്ട്: ജോമി പുലവേലിൽ