ചെറുപുഴ: കോമൺവെൽത്ത് ഗെയിംസിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മിക്സഡ് ടീം ഇനത്തിൽ വെള്ളി മെഡൽ നേടിയിരിക്കുകയാണു കണ്ണൂർ പുളിങ്ങോത്തെ ട്രീസ ജോളി.
കായികാധ്യാപകൻ പുളിങ്ങോത്തെ തൈക്കൽ ജോളി മാത്യു-അധ്യാപിക ഡെയ്സി ദന്പതികളുടെ മകളാണ് ട്രീസ. മകളുടെ നേട്ടത്തിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് ട്രീസയുടെ പിതാവും കായികാധ്യാപകനുമായ ജോളി പറഞ്ഞു.
ഇതിനുമുമ്പ് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സബ് ജൂണിയർ വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധികരിച്ച ട്രീസ ബംഗ്ലാദേശിൽ നടന്ന രാജ്യാന്തര മത്സരത്തിൽ സിംഗിൾസ്, ഡബിൾസ് വിഭാഗത്തിലും സ്വർണം നേടിയിട്ടുണ്ട്. വിദ്യാർഥി ദത്തെടുപ്പ് പദ്ധതി പ്രകാരം കണ്ണൂർ യൂണിവേഴ്സിറ്റിയിലെ തലശേരി ബ്രണ്ണൻ കോളജിൽ ബിബിഎ വിദ്യാർഥിനിയാണ് ട്രീസ.
ട്രീസയുടെ സഹോദരി മരിയയും ബാഡ്മിന്റണിൽ സബ് ജൂണിയർ വിഭാഗത്തിൽ മുൻ സംസ്ഥാന ചാമ്പ്യനാണ്.