മാഡ്രിഡ്: മാഡ്രിഡ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസ് പ്രീക്വാർട്ടറിൽ ലോക ഒന്നാം നന്പർ താരം സെർബിയയുടെ നൊവാക് ജോക്കോവിച്ചും മുൻ ലോക ഒന്നാം നന്പർ ബ്രിട്ടന്റെ ആൻഡി മുറെയും നേർക്കുനേർ ഇറങ്ങും. ഫ്രഞ്ച് താരം ഗായേൽ മോണ്‍ഫിൽസിനെ കീഴടക്കിയാണു ജോക്കോവിച്ച് പ്രീക്വാർട്ടറിൽ പ്രവേശിച്ചത്. സ്കോർ: 6-3, 6-2. കാനഡയുടെ ഡെന്നിസ് ഷാപൊവലോവിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ മറികടന്നാണു ആൻഡി മുറെയുടെ പ്രീക്വാർട്ടർ പ്രവേശം, 6-1, 3-6, 6-2.
സ്പെയിനിന്റെ റാഫേൽ നദാലും പ്രീക്വാർട്ടറിൽ പ്രവേശിച്ചു. മൂന്നാം സീഡ് ആയ നദാൽ സെർബിയയുടെ കെച്മനോവിച്ചിനെ കീഴടക്കി, 6-1, 7-6 (7-4). രണ്ടാം സീഡായ ജർമനിയുടെ അലക്സാണ്ടർ സ്വരേവ് പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ക്രൊയേഷ്യയുടെ മാരിൻ സിലിച്ചിനെ 4-6, 6-4, 6-4നാണ് സ്വരേവ് കീഴടക്കിയത്.
വനിതാ സിംഗിൾസിൽ ഷിമോണ ഹാലെപ്പ് ക്വാർട്ടറിൽ പുറത്ത്. ടുണീഷ്യയുടെ ഔണ്‍സ് ജബ്യൂറിനോട് നേരിട്ടുള്ള സെറ്റിനാണു ഹാലെപ്പ് തോൽവി രുചിച്ചത്. സ്കോർ: 6-3, 6-2.