സൂറിച്ച്: ഫിഫ 2022 ഖത്തർ ലോകകപ്പിലേക്ക് ഒരു വർഷത്തിൽ താഴെ മാത്രം ശേഷിക്കുന്പോൾ ഒരു കാര്യത്തിൽ തീരുമാനമായി. ഖത്തറിലേക്ക് യൂറോ 2020 ചാന്പ്യന്മാരായ ഇറ്റലി, ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ പോർച്ചുഗൽ എന്നിവയിൽ ഒരു ടീം ഉണ്ടാകില്ല.
യൂറോപ്യൻ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നേരിട്ട് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ട ഇറ്റലിയും പോർച്ചുഗലും പ്ലേ ഓഫ് റൗണ്ടിൽ ഒരു ഗ്രൂപ്പിൽ എത്തിയതോടെയാണിത്. ചിലപ്പോൾ ഈ രണ്ട് ടീമുകളും ഖത്തറിൽ എത്തിയില്ലെന്നും വരാം. 2018 റഷ്യൻ ലോകകപ്പിനും ഇറ്റലിക്കു യോഗ്യത നേടാൻ സാധിച്ചിരുന്നില്ല.
12 ടീമുകളാണ് പ്ലേ ഓഫ് ഘട്ടത്തിലുള്ളത്. റാങ്ക് അടിസ്ഥാനത്തിൽ ഇവയെ നാല് ടീമുകൾ വീതമുള്ള മൂന്ന് പൂളുകളിലായി തിരിച്ചു. ഓരോ പൂളിലെയും ജേതാക്കളാണ് ഖത്തർ ലോകകപ്പിനെത്തുക. സെമി, ഫൈനൽ എന്നിങ്ങനെയാണ് പൂളിലെ മത്സരങ്ങൾ. ഈ രീതിയിൽ യൂറോപ്യൻ പ്ലേ ഓഫ് നടക്കുന്നത് ഇതാദ്യമാണ്.
പൂൾ തിരിച്ചുള്ള സെമി പോരാട്ടങ്ങൾ:
എ: വെയ്ൽസ് x ഓസ്ട്രിയ, സ്കോട്ട്ലൻഡ് x യുക്രെയ്ൻ
ബി: റഷ്യ x പോളണ്ട്, സ്വീഡൻ x ചെക് റിപ്പബ്ലിക്
സി: പോർച്ചുഗൽ x തുർക്കി, ഇറ്റലി x മാസിഡോണിയ