കോൽക്കത്ത: ഡ്യൂറൻഡ് കപ്പ് ഫുട്ബോളിൽ എഫ്സി ഗോവ സെമിയിൽ. മലയാളി കൗമാരതാരം മുഹമ്മദ് നെമിൽ ഗോളടിച്ച ക്വാർട്ടർ പോരാട്ടത്തിൽ 5-1ന് ഡൽഹി എഫ്സിയെ തകർത്താണു ഗോവ സെമിയിൽ പ്രവേശിച്ചത്. ദേവേന്ദ്ര ധാക്കു മുർഗാവ്ക്കർ (15’), ബ്രാൻഡണ്‍ ഫെർണാണ്ടസ് (45+3’), ലിയാൻഡർ കുൻഹ (84’), റൊമാരിയോ ജെസുരാജ് (90+2’) എന്നിവരും ഗോവയ്ക്കു വേണ്ടി ലക്ഷ്യം കണ്ടു.
മത്സരത്തിന്റെ 18-ാം മിനിറ്റിൽ പത്തൊന്‍പതുകാരനായ കോഴിക്കോട് സ്വദേശി മുഹമ്മദ് നെമിൽ ഗോളടിച്ചു. ഗോവയ്ക്കായി തുടർച്ചയായ മൂന്നാം മത്സരത്തിലാണു നെമിൽ ലക്ഷ്യം നേടുന്നത്. ഡ്യൂറൻഡ് കപ്പിലെ ഗോൾ വേട്ടയിൽ നാലു ഗോളുമായി ഒന്നാം സ്ഥാനം പങ്കിടുകയാണു നെമിൽ.
ഇന്നു നടക്കുന്ന അവസാന ക്വാർട്ടറായ ബംഗളൂരു എഫ്സി x ആർമി ഗ്രീൻ പോരാട്ട ജേതാക്കളാണു സെമിയിൽ എഫ്സി ഗോവയുടെ എതിരാളി. 27, 29 തീയതികളിലാണ് സെമി പോരാട്ടങ്ങൾ. ഫൈനൽ ഒക്ടോബർ മൂന്നിനാണ്.