കീവ്: ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ഗ്രൂപ്പ് ജിയിൽ തുടർച്ചയായ നാലാം ജയത്തോടെ സ്പാനിഷ് വന്പന്മാരായ ബാഴ്സലോണ നോക്കൗട്ട് ഉറപ്പിച്ചു. സൂപ്പർ താരമായ ലയണൽ മെസി ഇല്ലാതെ ഡൈനാമോ കീവിനെതിരെ എവേ പോരാട്ടത്തിനിറങ്ങിയ ബാഴ്സലോണ 4-0ന് ജയം സ്വന്തമാക്കി. മാർട്ടിൻ ബ്രാത്വൈറ്റിന്റെ (57, 70-പെനൽറ്റി) വകയായിരുന്നു രണ്ടു ഗോൾ. അമേരിക്കൻ താരമായ സെർജീഞ്ഞോ ഡെസ്റ്റ് (52-ാം മിനിറ്റ്) ബാഴ്സയുടെ അക്കൗണ്ട് തുറന്നു. ഗ്രീസ്മാന്റെ (90+2ാം മിനിറ്റ്) വകയായിരുന്നു കറ്റാലൻസിന്റെ നാലാം ഗോൾ.
ബാഴ്സലോണയ്ക്കായി ഗോൾ സ്വന്തമാക്കുന്ന ആദ്യ അമേരിക്കൻ താരമെന്ന റിക്കാർഡ് ഇരുപതുകാരനായ ഡെസ്റ്റ് സ്വന്തമാക്കി. ചാന്പ്യൻസ് ലീഗിൽ ഗോൾ നേടുന്ന 10-ാമത് അമേരിക്കൻ താരം എന്ന നേട്ടവും ഡെസ്റ്റ് സ്വന്തമാക്കി.