മിലാൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ എസി മിലാന്റെ ചൂടേറ്റ് യുവന്റസ് ഉരുകിയൊലിച്ചു. രണ്ട് ഗോളിനു പിന്നിൽനിന്ന എസി മിലാൻ നാല് ഗോൾ തിരിച്ചടിച്ച് ജയം സ്വന്തമാക്കി. അതിൽ മൂന്ന് ഗോൾ ആറ് മിനിറ്റിനുള്ളിലായിരുന്നു. നാലാം മിനിറ്റിൽ അഡ്രിയാൻ റാബിയോട്ടും 53-ാം മിനിറ്റിൽ ക്രിസ്റ്റ്യാനൊ റൊണാൾഡോയും യുവന്റസിനായി വലകുലുക്കി. എന്നാൽ, 62-ാം മിനിറ്റിൽ പെനൽറ്റി ഗോളിലൂടെ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് എസിയുടെ ആദ്യ ഗോൾ നേടി. തുടർന്ന് ഫ്രാങ്ക് കെസിയെ (66), റാഫേൽ ലിയാവൊ (67), റെബിച്ച് (80) എന്നിവരുടെ ഗോളുകളിലൂടെ മിലാൻ ജയം സ്വന്തമാക്കി.