മാഡ്രിഡ്: കോപ്പ ഡെൽ റേ ഫുട്ബോളിൽ ആൻത്വാൻ ഗ്രീസ്മാന്റെ രണ്ടാം പകുതിയിലെ ഇരട്ട ഗോളിന്റെ ബലത്തിൽ ബാഴ്സലോണയ്ക്ക് ജയം. മൂന്നാം ഡിവിഷൻ ക്ലബ്ബായ ഇബിസയെ 2-1ന് മറികടന്ന് ബാഴ്സ പ്രീക്വാർട്ടറിൽ കടന്നു. ഒന്‍പതാം മിനിറ്റിൽ പെപ് കബല്ലെയുടെ ഗോളിൽ ഇബിസ മുന്നിലെത്തി. 72, 90+4 മിനിറ്റിലായിരുന്നു ഗ്രീസ്മാന്റെ ഗോളുകൾ. ലയണൽ മെസി, ജെറാർഡ് പിക്വെ, സെർജ്യോ ബുസ്ക്വെറ്റ്സ് തുടങ്ങിയവർക്ക് വിശ്രമം നല്‍കിയായിരുന്നു ക്വിക്കെ ടീമിനെ ഇറക്കിയത്. മൂന്നാം ഡിവിഷൻ ക്ലബ്ബായ യൂണിയനിസ്റ്റാസിനെ 3-1നു കീഴടക്കി റയൽ മാഡ്രിഡും പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ഗാരെത് ബെയ്ൽ (18), ഹ്വാൻ ഗൊണ്‍ഗോറ (62 സെൽഫ്), ബ്രാഹിം ഡിയാസ് (90+2) എന്നിവരാണ് റയലിന്റെ അക്കൗണ്ടിൽ ഗോൾ നിക്ഷേപിച്ചത്.