മുംബൈ: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം അംഗങ്ങളുടെ വിദേശ പര്യടന അലവൻസ് ഇരട്ടിയാക്കാൻ കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് (സിഒഎ) തീരുമാനം. ആഭ്യന്തര മത്സരങ്ങളിൽ താരങ്ങൾക്കുള്ള ദിവസ അലവൻസിലും വർധന ഉണ്ടായിട്ടുണ്ട്. ആഭ്യന്തര പരന്പരകളിൽ 100 ഡോളർ അലവൻസ് എന്നത് 7,500 രൂപയാക്കി നിശ്ചിയിച്ചു. വിദേശ പര്യടനങ്ങളിൽ ദിനംപ്രതി ഒരു താരത്തിനു നൽകിയിരുന്ന അലവൻസ് 125 ഡോളർ ആയിരുന്നു. അത് 250 ഡോളർ (ഏകദേശം 18,000 രൂപ) ആക്കി ഉയർത്തി. കളിക്കാർക്ക് ബിസിനസ് ക്ലാസ് യാത്ര, താമസം തുടങ്ങിയ കാര്യങ്ങൾക്കു പുറമേയാണ് ദിവസ അലവൻസ് നല്കുന്നത്.