പനാജി: അണ്ടര്‍ 17 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിലേക്ക് ഒരു അമേരിക്കന്‍ ഇന്ത്യക്കാരനും. ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ വെബ്സൈറ്റ് വഴിയുള്ള ടാലന്റ് ഹണ്ടിലൂടെയാണ് നമിത് ദേശ്പാണ്ഡെ എന്ന യുവാവ് ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുന്നത്. അമ്പത് അപേക്ഷകളാണ് ഫുട്ബോള്‍ ഫെഡറേഷന് ലഭിച്ചത്. ഇതില്‍നിന്നുമാണ് ന്യൂജഴ്സിയിലുള്ള ഇന്ത്യന്‍ താരത്തെ തേടി വിളിയെത്തിയത്. മുംബൈയില്‍നിന്ന് അമേരിക്കയിലെത്തിയവരാണ് നമിതിന്റെ കുടുംബം. ബ്രസീലില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമിനൊപ്പം നമിത് പോയിരുന്നു. ഇന്ത്യയുടെ ആദ്യപരിശീലകനായ നിക്കോളെ ആദത്തിന്റെ പ്രശംസ പിടിച്ചുപറ്റാനും നമിതിനായി. പോര്‍ച്ചുഗലില്‍നിന്നുള്ള ലൂയിസ് ഡെ മറ്റോസ് ഇന്ത്യന്‍ പരിശീലകനായി ചേര്‍ന്ന ശേഷവും നമിതിനെ ടീമില്‍ നിലനിര്‍ത്തി. മികച്ച സെന്‍ട്രല്‍ ഡിഫന്‍ഡറായ നമിത് ഇപ്പോള്‍ ഗോവയില്‍ ഇന്ത്യന്‍ ക്യാമ്പിലുണ്ട്. ലോകകപ്പിന്റെ അവസാനവട്ട തയാറെടുപ്പ് എന്ന നിലയില്‍ യൂറോപ്പില്‍ ഇന്ത്യന്‍ ടീം പര്യടനം നടത്തുന്നുണ്ട്. പോര്‍ച്ചുഗല്‍, സ്പെയിന്, ഇറ്റലി, ഹംഗറി തുടങ്ങിയ രാജ്യങ്ങളില്‍ ഇന്ത്യ സന്നാഹം കളിക്കും.