ഗാബണ്‍: ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ അള്‍ജീരിയ പുറത്ത്. സെനഗലിനോട് രണ്ടു ഗോള്‍ വീതമടിച്ചു സമനിലയില്‍ പിരിഞ്ഞതോടെയാണ് ക്വാര്‍ട്ടര്‍ കാണാതെ ഗ്രൂപ്പ് ബിയില്‍നിന്ന് അള്‍ജീരിയ പുറത്തായത്. സിംബാബ്വെയെ തകര്‍ത്ത് ടുണീഷ്യ ക്വാര്‍ട്ടറില്‍ കടന്നു. സിംബാബ്വെയെ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കാണ് ടുണീഷ്യ തകര്‍ത്തത്. മത്സരത്തിനു മുമ്പേ ക്വാര്‍ട്ടര്‍ സ്ഥാനം ഉറപ്പിച്ചിരുന്ന സെനഗല്‍ രണ്ടാം നിര ടീമിനെയാണ് കളിക്കാനിറക്കിയതെങ്കിലും അള്‍ജീരിയക്കു ജയിക്കാനായില്ല. ഇസ്ലാം സ്ലിമാനി ഇരട്ട ഗോള്‍ നേടി രണ്ടു വട്ടം അള്‍ജീരിയയ്ക്കു ലീഡ് സമ്മാനിച്ചെങ്കിലും രണ്ടു വട്ടവും സെനഗല്‍ തിരിച്ചടിച്ചു. ടൂര്‍ണമെന്റില്‍ ഒരുകളി പോലും ജയിക്കാതെയാണ് അള്‍ജീരിയ മടങ്ങുന്നത്. ക്വാര്‍ട്ടറില്‍ ടൂണീഷ്യ ബുര്‍ക്കിന ഫാസോയെയും സെനഗല്‍ കാമറൂണിനെയും നേരിടും.