ജൊഹാനസ്ബര്‍ഗ്: ഏറെക്കാലത്തിനു ശേഷം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം നായകന് എ.ബി. ഡിവില്യേസ് മടങ്ങി വരുന്നു. ശ്രീലങ്കയ്ക്കെതിരേയുള്ള അഞ്ചു മത്സര ഏകദിന പരമ്പരയില്‍ ക്യാപ്റ്റനായാണ് ഡിവില്യേഴ്സിന്റെ മടങ്ങിവരവ്. ശനിയാഴ്ച പോര്‍ട്ട് എലിസബത്തിലാണ് ദക്ഷിണാഫ്രിക്ക- ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യമത്സരം. മുട്ടിനേറ്റ പരിക്കുമൂലം കഴിഞ്ഞ ആറുമാസക്കാലമായി ഡിവില്യേഴ്സ് കളത്തിനു പുറത്തായിരുന്നു. ഫാഫ് ഡുപ്ലസിയുടെ നേതൃത്വത്തിലായിരുന്നു ഇക്കാലയളവില്‍ ദക്ഷിണാഫ്രിക്ക മത്സരങ്ങള്ക്കിറങ്ങിയിത്. ഡുപ്ലസിയുടെ നേതൃത്വത്തില്‍ ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ 5-0 ത്തിന് മുട്ടുകുത്തിച്ചാണ് ദക്ഷിണാഫ്രിക്ക ഒരുങ്ങുന്നത്. ടെസ്റ്റില്‍ ഇനിയും ഡുപ്ലസിയായിരിക്കും ക്യാപ്റ്റന്‍. ഏകദിന പരമ്പരയ്ക്കു മുമ്പ് ശ്രീലങ്കയ്ക്കെതിരേയുള്ള മൂന്നാം ട്വന്റി- 20യില്‍ ഡിവില്യേഴ്സ് കളിക്കുന്നുണ്ട്. ഡെയ്ൽ സ്റ്റെയ്നും മോർണി മോര്‍ക്കലും പരിക്കു മൂലം ഒഴിവാക്കപ്പെട്ടപ്പോള്‍ ഏറെക്കാലത്തിനു ശേഷം പരിക്കില്‍ നിന്ന് മോചിതനായ ക്രിസ് മോറിസ് ടീമില്‍ മടങ്ങിയെത്തി. ട്വന്റി- 20 പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ ലുംഗി എന്‍ഗിഡിയെയും ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.