മാഞ്ചസ്റ്റര്‍: യുവാന്‍ മാട്ടയും മാറോണ് ഫെല്ലേനിയും രണ്ടാം പകുതിയില്‍ നേടിയ ഗോളുകള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജയം ഉറപ്പാക്കി. ലീഗ് കപ്പ് സെമിയുടെ ആദ്യ പാദത്തില്‍ യുണൈറ്റഡ് മറുപടിയില്ലാത്ത രണ്ടു ഗോളിനു ഹള്‍ സിറ്റിയെ തകര്‍ത്തു. ഇനി ഹള്‍ സിറ്റിയുടെ ഗ്രൗണ്ടില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ യുണൈറ്റഡിന് ആത്മവിശ്വാസത്തോടെ ഇറങ്ങാം. അസുഖത്തെത്തുടര്‍ന്ന് സ്ലാട്ടന് ഇബ്രാഹിമോവിച്ച് പുറത്തായിരുന്നു. നായകന് വെയ്ന്‍ റൂണിയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ഹൊസെ മൗറിഞ്ഞോ ചുവന്ന ചെകുത്താന്മാരെ ഇറക്കിയത്. സ്വന്തം ഓള്‍ഡ് ട്രാഫോഡ് സ്റ്റേഡിയത്തില്‍ മാഞ്ചസ്റ്റര്‍ മിന്നുന്ന തുടക്കമാണിട്ടത്. കളിക്കാരുടെ പരിക്ക് ഹള്‍ സിറ്റിക്കു തിരിച്ചടിയായി. 56-ാം മിനിറ്റില്‍ അന്റോണിയോ വാലന്‍സിയയുടെ ക്രോസ് പോസ്റ്റിനരുകില്‍ നിന്ന ഹെന്റിക് മിഖിത്രായനിലേക്ക്. അര്‍മേനിയന്‍ താരം അവിടെനിന്നും ഹെഡ് ചെയ്തു നല്കിയ പന്തില്‍ മാട്ട വലകുലുക്കി. മുഴുവന്‍ സമയം തീരാന്‍ മൂന്നു മിനിറ്റുകൂടിയുള്ളപ്പോള് ഫെല്ലേനി ലീഡ് ഉയര്‍ത്തി. ഹള്‍ പ്രതിരോധക്കാര്ക്കിടയില്നിന്നു മാര്‍ഷല്‍ നല്കിയ പന്ത് മാത്യോ ഡാര്‍മിയന്‍. ഡാര്‍മിയന്‍ ഉയര്‍ത്തി നല്കിയ ക്രോസ് ഹെല്ലേനി ഹെഡ് ചെയ്ത് വലയിലാക്കി. അതിനുശേഷം മാര്‍ഷലിന്റെ ഷോട്ട് ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തി.