പുതുച്ചേരി: ദേശീയ സീനിയർ ബാസ്കറ്റ്ബോളിൽ കേരളത്തിനു ചരിത്ര വിജയം. സീനിയർ ബാസ്കറ്റ്ബോളിൽ പഞ്ചാബിനെ കീഴടക്കി കേരളം പുതിയ ചരിത്രമെഴുതി. ആദ്യമായാണ് കേരള പുരുഷന്മാർ പഞ്ചാബിനെ പരാജയപ്പെടുത്തുന്നത്. പുതുച്ചേരിയിൽ നടക്കുന്ന അറുപത്തിയേഴാമത് ദേശീയ സീനിയർ ബാസ്കറ്റ്ബോളിൽ 88-77 എന്ന സ്കോറിനാണ് കേരള പുരുഷന്മാർ പഞ്ചാബിനെ തോൽപ്പിച്ചത്. ഇതോടെ ക്വാർട്ടറിൽ കടക്കാമെന്ന കേരളത്തിന്റെ പ്രതീക്ഷകൾക്കും ജീവൻ വച്ചു. 22 പോയിന്റ് നേടിയ എ.ആർ. അഖിലാണ് കേരളത്തിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചത്. അതേസമയം, ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ മൂന്നാം ജയത്തോടെ കേരള വനിതകൾ ക്വാർട്ടറിൽ ഇടം നേടി. ഡൽഹിക്കെതിരേ 80-44 എന്ന സ്കോറിനാണ് കേരളം ജയിച്ചുകയറിയത്. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ കേരള വനിതകൾ രാജസ്ഥാനെ 64-23 എന്ന സ്കോറിനു പരാജയപ്പെടുത്തി. മറ്റു മത്സരങ്ങളിൽ റെയിൽവേസ് ഛത്തീസ്ഗഡിനെ 64-53നും കർണാടക ഹരിയാനയെ 76-73 എന്ന സ്കോറിനും പരാജയപ്പെടുത്തി.