സിഡ്നി: ഓസ്ടേലിയയിൽ ആദ്യം രൂപം കൊണ്ട മലയാളി സംഘടനകളിലൊന്നായ സിഡ്നി മലയാളി അസോസിയേഷന്റെ ഓണഘോഷപരിപാടികളും നാൽപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളുടെ സമാപനവും സെപ്റ്റംബർ 10 ശനിയാഴ്ച ബ്ലാക്ക് ടൌണ്‍ ക്രോയേഷ്യൻ ചർച് ഓഡിറ്റോറിയത്തിൽ നടക്കപ്പെടും.
പൂക്കളമത്സരത്തോടു കൂടി ഓണാഘോഷ പരിപാടികൾക്ക് തുടക്കമാവും. തുടർന്ന് വൈകിട്ട് 3 മുതൽ നാടൻ കായിക മത്സരങ്ങൾ നടക്കും. പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വടംവലി മത്സരങ്ങൾ, കസേരകളി മത്സരം, സുന്ദരിക്ക് പൊട്ടു തൊടൽ മുതലായ മത്സരങ്ങൾക്ക് ആകർഷണീയമായ സമ്മാനങ്ങളും ഉണ്ടായിരിക്കും .തുടർന്ന് വിശിഷ്ട അതിഥികൾ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനവും വാർഷിക സുവനീറിന്റെ പ്രകാശനവും നടക്കും.
സിഡ്നിയിലെ കലാ പ്രതിഭകൾ അണിയിച്ചൊരുക്കുന്ന മികച്ച കലാപരിപാടികൾ പരിപാടിയുടെ മറ്റൊരു ആകർഷണീയത ആയിരിക്കും. വിഭവ സമൃദ്ധമായ ഓണസദ്യയോടെ പരിപാടികൾക്ക് വിരാമമാകും. ഭാരവാഹികളും സന്നദ്ധപ്രവർത്തകരും ചേർന്ന വിപുലമായ കമ്മറ്റി പരിപാടികൾ ഭംഗിയാക്കുവാൻ അക്ഷീണം പ്രവർത്തിക്കുന്നു.
സിഡ്മൽ ഓണവും നാൽപ്പത്തിയഞ്ചാം വാർഷികവും സെപ്റ്റംബർ 10ന്
04:20 AM Sep 08, 2022 | Deepika.com