മാപ്പ് ടി20 ക്രിക്കറ്റ് ടൂർണമെന്‍റ് 23ന്; ഒരുക്കങ്ങൾ പൂർത്തിയായി

12:36 PM Apr 22, 2022 | Deepika.com
പെർത്ത് : മലയാളി അസോസിയേഷൻ ഓഫ് പെർത്തിന്‍റെ എവർ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള മൂന്നാമത് ക്രിക്കറ്റ് ടൂർണമെന്‍റ് ഏപ്രിൽ 23നു (ശനി) കോക്കർ പാർക്ക്, കാനിങ്ടണിൽ നടക്കും.

ഉച്ചയ്ക്ക് 12.30ന് വർഗീസ് പുന്നയ്ക്കൽ ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്യും. കൗൺസിലർ ഷാനവാസ് പീറ്റർ മുഖ്യാഥിതി ആയിരിക്കും.

വിജയികൾക്ക് റോളിംഗ് ട്രോഫിയും 1000 ഡോളർ പ്രൈസ് മണിയും സമ്മാനമായി ലഭിക്കും. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 500 ഉം 250 ഡോളറും പ്രൈസ് മണി ലഭിക്കും. ടൂർണമെന്‍റിൽ ഏറ്റവും കൂടുതൽ റൺസ്, ഏറ്റവും കൂടുതൽ വിക്കറ്റ്, മാൻ ഓഫ് ദ മാച്ച്, മാൻ ഓഫ് ദ സീരീസ് ട്രോഫികളും വിതരണം ചെയ്യും.

പെർത്തിലെ പ്രമുഖ മലയാളി ക്രിക്കറ്റ് ക്ലബുകളായ റോയൽ വാരിയേഴ്സ് ,വെബ്ളി വാരിയേഴ്സ്, മെയ്ലാൻഡ്സ് ഫ്രണ്ടസ് ക്ലബ്, റോയൽ ചലഞ്ചേഴ്സ്, പെർത്ത് ക്ലാസിക് ഇലവൻ, കേരള വാരിയേഴ്സ്, ഫയർ ഇലവൻസ്, സതേൺ സ്പാർട്ടൻസ് ,ലയൺസ് ഇലവൻ, കേരള സ്ട്രൈക്കേഴ്സ് എന്നീ പത്തോളം ടീമുകളാണ് ടൂർണമെന്‍റിൽ മാറ്റുരയ്ക്കുക.

ഫുഡ് സ്റ്റാളും ലൈവ് സ്കോറിംഗും വെസ്റ്റ്ഓസ്ട്രേലിയയുടെ രജിസ്ട്രേഷനുള്ള പ്രഫഷണലായ അമ്പയർമാരുടെ സാന്നിധ്യവും ടൂർണമെന്‍റിനു കൂടുതൽ മികവേകും.

മലയാളി അസോസിയേഷൻ ഓഫ് പെർത്ത് നടത്തുന്ന ക്രിക്കറ്റ് ടൂർണമെന്‍റ് വിജയത്തിനായി പെർത്തിലെ എല്ലാം മലയാളികളെയും കാനിംഗ് ടൺ കോക്കർ പാർക്കിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്‍റ് അപർണ സുഭാഷ്, കോഓർഡിനേറ്റർ ജോർജ് എന്നിവർ അറിയിച്ചു.

ബിജു നാടുകാണി