ഹോബാർട്ട്: ഓസ്ട്രേലിയയിലെ ഹോബർട്ടിൽ നടക്കുന്ന സോഷ്യൽ വേൾഡ് കപ്പ് ഫുട്ബോളിൽ എട്ട് മലയാളികൾ സ്ഥാനം പിടിച്ചു. ഓസ്ട്രേലിയയിലെ ടാസ്മാനിയ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഹോബാർട്ടിൽ ജനുവരി 19 ബുധനാഴ്ചയാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ ഇന്ത്യ യുഎഇയെ നേരിടും. ഓസ്ട്രേലിയയിൽ കുടിയേറിയ പതിനാറ് രാജ്യങ്ങളിൽനിന്നുള്ള പ്രവാസികളിൽനിന്നുള്ള പ്രതിനിധികളാണ് ഈ ഫുട്ബോൾ മാമാങ്കത്തിൽ പങ്കെടുക്കുന്നത്.
ഹോബാർട്ട് സോഷ്യൽ വേൾഡ് കപ്പ് ഫുട്ബോളിൽ ഇന്ത്യൻ ടീമിൽ ചാലക്കുടി സ്വദേശി അജു ആന്റണിയാണ് ടീമിനെ നയിക്കുന്ന മലയാളി. ഫഹദ് നൂറുദ്ധീൻ (പയ്യോളി), ജോജി ജോസഫ് (കൊച്ചി), അശ്വിൻ കരുവാട്ടിൽ (കോഴിക്കോട്), ഡാനിഷ് റോഷൻ (നിലന്പൂർ), ജാവേദ് മുഹ്സിൻ (മങ്കട), സുകൂശ് ജോസഫ് (എറണാകുളം), ബെന്നി ആന്റണി (മഞ്ചേരി), പാട്രിക് അനിൽ (എറണാകുളം) എന്നിവരാണ് ടീമിൽ ഇടംപിടിച്ച മറ്റു മലയാളികൾ.
നാല് രാജ്യങ്ങൾ വീതം ഉൾകൊള്ളുന്ന നാല് ഗ്രൂപ്പുകൾ ആയിട്ടാണ് പ്രാഥമിക മത്സരങ്ങൾ. ഗ്രീസ്, സിറിയ, യുഎഇ എന്നിവരുൾപ്പെടുന്ന ഗ്രൂപ്പിലാണ് ഇന്ത്യ മത്സരിക്കുന്നത്.
ഹോബാർട്ട് സോഷ്യൽ വേൾഡ് കപ്പ് ഫുട്ബോൾ: ഇന്ത്യൻ ടീമിൽ 8 മലയാളികൾ
08:44 PM Jan 18, 2022 | Deepika.com