ബ്രിസ്ബേൻ: ഓസ്ട്രേലിയയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ചു അമ്മയും കുഞ്ഞും മരിച്ചു. അപകടത്തിൽ ഭർത്താവിനും മറ്റു രണ്ടു കുട്ടികൾക്കും ഗുരുതരമായി പരുക്കേറ്റു. തൃശൂർ ചാലക്കുടി പോട്ട നടുക്കുന്ന് പെരിയച്ചിറ ചുള്ളിയാടാൻ ബിബിന്റെ ഭാര്യ ലോട്സിയും(35) മകളും (6) ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 7.20നാണ് ഓസ്ട്രേലിയയിലെ മലയാളികളെയാകെ നടുക്കിയ അപകടമുണ്ടായത്.
ന്യൂ സൗത്ത് വെയിൽസിലെ ഓറഞ്ചിൽനിന്നും ക്വാൻസ് ലാൻഡിലെ ബ്രിസ്ബേനിലേക്കു താമസം മാറി പോകുന്ന വഴിയാണ് മില്ലർമാൻ ഡൗണ്‍സിൽ ട്രക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. അമ്മയും പെണ്‍കുഞ്ഞും തൽക്ഷണം മരിച്ചു.
പരുക്കേറ്റ രണ്ട് ആണ്‍കുട്ടികളുടെ നില മെച്ചപ്പെട്ടുവരുന്നു . ഇവർ ബ്രിസ്ബേൻ കുട്ടികളുടെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഒരു കുട്ടിയുടെ ശസ്ത്രക്രിയ കഴിഞ്ഞു. ബിപിൻ തൂവൂന്പയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഒരു വർഷം മുൻപാണ് ലോട്സി ഓസ്ട്രേലിയയിൽ എത്തിയത്. ആദ്യം ഓറഞ്ചിലാണ് ജോലി ചെയ്തത്. നഴ്സായി ജോലി ചെയ്തിരുന്ന ലോട്സി പുതിയ ജോലിക്കു പ്രവേശിക്കുന്നതിനായി ബ്രിസ്ബേനിലേക്കു താമസം മാറുന്നതിനുള്ള യാത്രയ്ക്കിടെയാണ് ദാരുണ അപകടമുണ്ടായത്.
അപകടകാരണം അന്വേഷിച്ചുവരികയാണെന്ന് ക്വീൻസ് ലാൻഡ് പോലീസ് അറിയിച്ചു. രണ്ട് ഹെലികോപ്റ്ററുകളും ഫയർ എൻജിനും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
റിപ്പോർട്ട്: ബിജു നാടുകാണി
ഓസ്ട്രേലിയയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; അമ്മയും കുഞ്ഞും മരിച്ചു
06:35 PM Jul 22, 2021 | Deepika.com