മെൽബണ്‍ സീറോ മലബാർ കത്തീഡ്രലിൽ അൽഫോൻസമ്മയുടെ തിരുനാൾ ഫെബ്രുവരി 7 ന്

05:24 PM Feb 05, 2021 | Deepika.com
മെൽബണ്‍: സെന്‍റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ഇടവകയിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ അൽഫോൻസമ്മയുടെ തിരുനാൾ ഫെബ്രുവരി ഏഴിന് (ഞായർ) ആഘോഷിക്കുന്നു.

റോക്സ്ബർഗ് പാർക്കിലുള്ള ഗുഡ് സമരിറ്റൻ ദേവാലയത്തിലാണ് തിരുനാൾ ദിനത്തിലെ തിരുക്കർമങ്ങൾ വൈകുന്നേരം നാലിന് കത്തീഡ്രൽ വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ കൊടിയേറ്റു കർമം നിർവഹിക്കുന്നതോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ പ്രത്യേകം അലങ്കരിച്ച പീഠങ്ങളിൽ പ്രതിഷ്ഠിക്കും കഴുന്നും മുടിയും എഴുന്നള്ളിക്കാനും അടിമ വയ്ക്കാനുമുള്ള സൗകര്യവും ഉണ്ടായിരിക്കും.

അഞ്ചിന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് മെൽബണ്‍ സീറോ മലബാർ രൂപതാധ്യക്ഷൻ ബിഷപ്പ് ബോസ്കോ പുത്തൂർ മുഖ്യകാർമികത്വം വഹിക്കും. കത്തീഡ്രൽ ഇടവകയിലെ വിവിധ ഭവനങ്ങളിൽ കൃഷി ചെയ്തുണ്ടാക്കിയ ഫലങ്ങൾ കാഴ്ചയായി സമർപ്പിക്കും. തുടർന്നു വിശുദ്ധരുടെ തിരുശേഷിപ്പും തിരുസ്വരൂപങ്ങളും വഹിച്ചു കൊണ്ടള്ള ആഘോഷമായ പ്രദക്ഷിണം ഉണ്ടായിരിക്കും. സമാപന പ്രാർത്ഥകൾക്ക് ശേഷം 2022ലെ തിരുനാൾ ഏറ്റു കഴിക്കുന്നവരുടെ പ്രസുദേന്തി വാഴ്ചയും നടക്കും. സ്നേഹവിരുന്നോടെ ആഘോഷങ്ങൾ സമാപിക്കും.

50 പ്രസുദേന്തിമാരാണ് ഈ വർഷത്തെ തിരുനാൾ ഏറ്റെടു ത്തു നടത്തുന്നത്. തിരുനാൾ മനോഹരമാക്കുവാൻ കത്തീഡ്രൽ വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, കൈക്കാരന്മാരായ ക്ലീറ്റസ് ചാക്കോ, ആന്‍റോ തോമസ്, പാരീഷ് കൗണ്‍സിൽ അംഗങ്ങൾ, പ്രസുദേന്തിമാർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓണ്‍ലൈൻ ബുക്കിംഗിലൂടെയാണ് തിരുക്കർമങ്ങളിൽ പങ്കെടുക്കേണ്ടത്. സഹനത്തിന്‍റെയും സ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും മാതൃകയായ വിശുദ്ധ അൽഫോൻസമ്മയുടെ മദ്ധ്യസ്ഥതയിലൂടെ ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും ഫാ. മാത്യു കൊച്ചുപുരയ്ക്കൽ സ്വാഗതം ചെയ്തു.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ