മെൽബണ്‍: മെൽബണ്‍ സെൻറ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധനായ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ നൂറ്റിപ്പതിനെട്ടാം ഓർമ്മപ്പെരുന്നാൾ നവംബർ 7, 8 തീയതികളിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ഭക്ത്യാദരപൂർവം ആഘോഷിച്ചു.
ഭാരതീയ ക്രൈസ്തവ സഭയിലെ ഭാരതീയനായ പ്രഥമ പരിശുദ്ധനും മലങ്കരസഭയുടെ പ്രഖ്യാപിത പരിശുദ്ധനുമായ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമത്തിൽ സ്ഥാപിച്ചിട്ടുള്ള ഈ ദേവാലയത്തിലെ പ്രധാന പെരുനാൾ ആണിത്. ഏഴിനു ശനിയാഴ്ച വൈകുന്നേരം സന്ധ്യാനമസ്കാരത്തിന് ശേഷം ഭക്ത്യാദരപൂർവമായ റാസയും തുടർന്ന് മെർലിൻ മാത്യു പുത്തൻകാവിന്റെ പെരുന്നാൾ സന്ദേശവും ഉണ്ടായിരുന്നു.
നവംബർ 8നു ഞായറാഴ്ച രാവിലെ എട്ടിന് വികാരി ഫാ. സാം ബേബിയുടെ മുഖ്യകാർമികത്വത്തിൽ വി. കുർബാനയും, ഭക്തിനിർഭരമായ റാസയും, മദ്ധ്യസ്ഥ പ്രാർഥനയും തുടർന്ന് ആശീർവാദവും അതിനുശേഷം കൊടി ഇറക്കിയതോടുകൂടി ഈ വർഷത്തെ പെരുനാൾ സമാപിച്ചു. പെരുനാൾ ആഘോഷ ചടങ്ങുകൾ ഓണ്‍ലൈൻ ബ്രോഡ്കാസ്റ്റിംഗിലൂടെ തൽസമയം സംപ്രേഷണം ചെയ്തിരുന്നു. പരിശുദ്ധനായ പരുമല തിരുമേനിയുടെ വിശുദ്ധ ജീവിതം ഏവർക്കും മാതൃകയായിരിക്കട്ടെ എന്ന് വികാരിയച്ചൻ തന്റെ സന്ദേശത്തിൽ ഓർമിപ്പിച്ചു. ഇടവകകൈക്കാരൻ ലജി ജോർജ്, സെക്രട്ടറി സക്കറിയ ചെറിയാൻ എന്നിവരടങ്ങിയ മാനേജിംഗ് കമ്മറ്റി പെരുനാളിന് നേതൃത്വം നൽകി.
റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ
മെൽബണ്‍ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ പരുമല തിരുമേനിയുടെ ഓർമപെരുനാൾ
10:44 PM Nov 11, 2020 | Deepika.com